കിച്ചനർ: നഗരം നേരിടുന്ന ജലക്ഷാമവും സംഭരണശേഷിയിലെ പരിമിതികളും പരിഹരിക്കുന്നതിനായി വാട്ടർ അനലിസ്റ്റ് തസ്തികയിലേക്ക് പുതിയ നിയമനം നടത്താൻ ഒരുങ്ങി വാട്ടർലൂ സിറ്റി. മേഖലയിലെ ജലവിതരണ, മലിനജല സംസ്‌കരണ പദ്ധതികളുടെ ആസൂത്രണത്തിനും ഏകോപനത്തിനുമായി മികച്ച ഉദ്യോഗസ്ഥനെ തേടുകയാണെന്ന് അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

മണിക്കൂറിന് 47.22 ഡോളർ മുതൽ 53.50 ഡോളർ വരെ ശമ്പളം ലഭിക്കുന്ന ഫുൾടൈം തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ജലവിതരണ ശൃംഖലയുടെ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും പദ്ധതികൾക്കും നേതൃത്വം നൽകുക എന്നതാണ് പ്രധാന ചുമതല. കൂടാതെ, മേഖലയിലെ വികസന പദ്ധതികൾ ജലലഭ്യതയെ ബാധിക്കാത്ത രീതിയിൽ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള ട്രാക്കിങ് സംവിധാനങ്ങൾ ഒരുക്കുന്നതിലും ഉദ്യോഗസ്ഥർ നിർണ്ണായക പങ്ക് വഹിക്കും.
