സാസ്കറ്റൂൺ: നഗരത്തിലെ റിവർസ്ഡെയ്ലിൽ നിർമ്മിക്കാൻ നിശ്ചയിച്ചിരുന്ന പുതിയ ‘വാം-അപ്പ്’ സെന്ററിനെ ചൊല്ലിയുള്ള മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ സാസ്കറ്റൂൺ സിറ്റി പുതിയ സ്ഥലം നിർദ്ദേശിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന അവന്യൂ സി സൗത്തിന് പകരം ഇഡൽവിൽഡ് ഡ്രൈവ് നോർത്തിലെ ഒരു കെട്ടിടമാണ് ഇപ്പോൾ പരിഗണനയിലുള്ളതെന്ന് സിറ്റി അറിയിച്ചു.
നേരത്തെ അവന്യൂ സി സൗത്തിലെ ഒരു മുൻ റസ്റ്ററന്റ് കെട്ടിടമായിരുന്നു ഈ കേന്ദ്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ തൊട്ടടുത്ത് തന്നെ സാൽവേഷൻ ആർമിയുടെ മറ്റൊരു അഭയകേന്ദ്രം പ്രവർത്തിക്കുന്നതിനാൽ, രണ്ട് കേന്ദ്രങ്ങൾ അടുത്തടുത്ത് വരുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സാസ്കറ്റൂൺ നിവാസികളും അധികൃതരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ട് അഭയകേന്ദ്രങ്ങൾ തൊട്ടടുത്ത് വരുന്നത് ഒരു “ദുരന്തമായിരിക്കും” എന്നാണ് സാൽവേഷൻ ആർമി മേജർ ഗോർഡൻ ടെയ്ലർ അന്ന് വിശേഷിപ്പിച്ചത്.

പുതിയതായി കണ്ടെത്തിയ ഇഡൽവിൽഡ് ഡ്രൈവിലെ സ്ഥലത്തിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നതാണ് പ്രത്യേകത. ബസ് സൗകര്യങ്ങൾ, വിശാലമായ ഇടം, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് ഈ മാറ്റം. ഫെഡറൽ ഫണ്ട് ഉപയോഗിച്ച് ഏകദേശം 16.3 ലക്ഷം ഡോളർ ചിലവഴിച്ചാണ് ഈ വസ്തു വാങ്ങുന്നത്.
കെട്ടിടത്തിൽ പ്ലംബിങ്, ചൂടുവെള്ള സൗകര്യം,കുളിമുറികൾ എന്നിവ ഒരുക്കുന്നതിനായി 3,50,000 ഡോളർ അധികമായി ചിലവഴിക്കുമെന്നും സിറ്റി അറിയിച്ചു. കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയാണെങ്കിൽ 2026 നവംബർ ഒന്നിന് ഈ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കും. പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് പ്രദേശത്ത് കർശനമായ സുരക്ഷാ പ്ലാൻ നടപ്പിലാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
