Thursday, February 19, 2026

വാഗ്ദാനങ്ങൾ പാലിച്ച് മൺട്രിയോൾ മേയർ: 100 ദിന പ്രവർത്തന റിപ്പോർട്ട് പുറത്ത്

മൺട്രിയോൾ : നഗരഭരണത്തിൽ പ്രകടമായ മാറ്റങ്ങളുമായി അധികാരമേറ്റ് 100 ദിവസം പൂർത്തിയാക്കി മൺട്രിയോൾ മേയർ സൊറായ മാർട്ടിനെസ് ഫെറാഡ. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി ഭരണത്തിൽ തന്റേതായ മുദ്ര പതിപ്പിക്കുകയാണ് ഇവർ. ഭവനരഹിതർക്കായുള്ള ധനസഹായം വാർഷികാടിസ്ഥാനത്തിൽ 3 കോടി ഡോളറായി വർധിപ്പിച്ചതും, പാർപ്പിട പ്രതിസന്ധി പരിഹരിക്കാനായി നഗരസഭയുടെ കീഴിലുള്ള 80 കേന്ദ്രങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയതും ഫെറാഡ ഭരണകൂടത്തിന്റെ വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. വിവാദമായ ’20-20-20′ ഭവന നിർമാണ ചട്ടം റദ്ദാക്കിയതോടെ നഗരത്തിൽ കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഗതാഗത തടസ്സങ്ങൾ കുറയ്ക്കാനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ലാബ് സ്ഥാപിച്ചതും സാംസ്കാരിക മേഖലയുടെ പുരോഗതിക്കായി പ്രത്യേക സഖ്യം രൂപീകരിച്ചതും ഫെറാഡയുടെ ദീർഘവീക്ഷണം വ്യക്തമാക്കുന്നു. ഭരണരംഗത്തെ അനാവശ്യ ചെലവുകൾ കുറയ്ക്കാനായി 1,000 തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കവും മേയർ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നഗരത്തിലെ സുരക്ഷാ സമിതിയുടെ രൂപീകരണം, റോഡുകളിലെ കുഴികൾ അടയ്ക്കൽ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾ പൂർണ്ണ തൃപ്തരല്ല. വരാനിരിക്കുന്ന വസന്തകാലത്തെ റോഡ് അറ്റകുറ്റപ്പണികളും ശുചിത്വ പരിപാടികളുമായിരിക്കും മേയറുടെ ഇനിയുള്ള പ്രവർത്തനങ്ങൾക്ക് യഥാർത്ഥ അളവുകോലാവുക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!