ഓട്ടവ: കാനഡയിൽ കഴിഞ്ഞ വർഷം ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ (CIHI) റിപ്പോർട്ട് . വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തുടനീളം ന്യുമോണിയ കേസുകളിൽ മൂന്നിലൊന്ന് വർധനയുണ്ടായതായി രേഖപ്പെടുത്തി. ഇതിൽ അഞ്ചിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് കുട്ടികളിലെ ന്യുമോണിയ കേസുകൾ ഇരട്ടിയിലധികമായാണ് വർധിച്ചത്.

കഴിഞ്ഞ വർഷത്തെ ഇൻഫ്ലുവൻസ സീസണാണ് ന്യുമോണിയ പടരാൻ പ്രധാന കാരണമായതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇൻഫ്ലുവൻസ ശ്വാസകോശത്തിലെ കോശങ്ങളെ ദുർബലപ്പെടുത്തുകയും ബാക്ടീരിയൽ ന്യുമോണിയ പിടിപെടാൻ എളുപ്പമാക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, കുട്ടികളിൽ ‘വാക്കിങ് ന്യുമോണിയ’ (Walking Pneumonia) പടർന്നുപിടിച്ചതും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടാൻ കാരണമായി. സാധാരണയായി ഇത്തരം കേസുകളിൽ ലക്ഷണങ്ങൾ കുറവാണെങ്കിലും, രോഗബാധിതരുടെ എണ്ണം കൂടിയത് ആശുപത്രികളിൽ തിരക്ക് വർധിപ്പിച്ചു.
സിഐഎച്ച്ഐ പുറത്തുവിട്ട 2024 ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം, കുട്ടികളുടെയും യുവാക്കളുടെയും ആശുപത്രി പ്രവേശനം മുൻവർഷത്തെക്കാൾ 143 ശതമാനം വർധിച്ചു. അതായത് രോഗികളുടെ എണ്ണം 2,698-ൽ നിന്ന് 6,547-ലേക്ക് ഉയർന്നു. മുതിർന്നവരിലും വയോധികരിലും ഈ വർധന യഥാക്രമം 34 ശതമാനവും 22 ശതമാനവുമാണ്. കോവിഡ് കാലത്ത് ചില ബാക്ടീരിയകൾക്കെതിരെ പ്രതിരോധശേഷി ആർജ്ജിക്കാൻ സാധിക്കാത്തതും ഈ രോഗവ്യാപനത്തിന് പിന്നിലുണ്ടാകാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കുട്ടികൾക്ക് കൃത്യസമയത്ത് വാക്സിനുകൾ നൽകുന്നത് രോഗം ഗുരുതരമാകുന്നത് തടയാൻ സഹായിക്കുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
