ഓട്ടവ: പ്രതിരോധ മേഖലയിലെ സംഭരണ നടപടികൾ പരിഷ്കരിക്കുന്നതിൽ കാനഡ നിർണ്ണായക പുരോഗതി കൈവരിക്കുന്നതായി റിപ്പോർട്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സർക്കാർ കരാറുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായുള്ള വിപുലമായ മാറ്റങ്ങൾ ഉടൻ അവതരിപ്പിക്കുമെന്ന് ഡിഫൻസ് പ്രൊക്യൂർമെന്റ് സ്റ്റേറ്റ് സെക്രട്ടറി സ്റ്റീഫൻ ഫുർ അറിയിച്ചു. സൈനിക ഉപകരണങ്ങൾ വാങ്ങുന്ന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രതിരോധ സംഭരണ പ്രക്രിയ ലളിതമാക്കുന്നതിനായി പുതുതായി രൂപീകരിച്ച ‘ഡിഫൻസ് ഇൻവെസ്റ്റ്‌മെന്റ് ഏജൻസി’ ഉടൻ തന്നെ ഒരു സ്വതന്ത്ര ഏജൻസിയായി മാറും. നിലവിൽ ഒരു സർക്കാർ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ഓഫീസിനെ സ്വതന്ത്രമാക്കുന്നതിനുള്ള നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിക്കും. വ്യവസായ സംരംഭകർക്ക് പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ‘വൺ-സ്റ്റോപ്പ് ഷോപ്പ്’ ആയി ഇത് പ്രവർത്തിക്കും.

അതേസമയം, പുതിയ ഏജൻസികൾ രൂപീകരിക്കുന്നത് ഉദ്യോഗസ്ഥവൃന്ദത്തെ വർദ്ധിപ്പിക്കാനേ ഉപകരിക്കൂ എന്ന് കൺസർവേറ്റീവ് നേതാവ് പിയേർ പൊളിയേവ് വിമർശിച്ചു. എന്നാൽ, പുതിയ പരിഷ്കാരങ്ങൾ സൈനിക പർച്ചേസുകളുടെ വേഗത വർധിപ്പിച്ചതായും സബ്മറൈൻ സംഭരണത്തിന് എടുക്കുന്ന സമയത്തിൽ വർഷങ്ങളുടെ ലാഭം ഉണ്ടാക്കാൻ സാധിച്ചതായും സ്റ്റീഫൻ ഫുർ വ്യക്തമാക്കി.
