കോഴിക്കോട്: ബീഫ് ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നത് വഴി കേരളത്തിലെ മുസ്ലിം ന്യൂനപക്ഷത്തെ ഒപ്പം നിർത്താമെന്ന സി.പി.എമ്മിന്റെ ധാരണ തെറ്റാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്.വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒന്നാണെന്ന നിലപാട് ശരിയല്ലെന്നും വിശ്വാസികളെല്ലാം വർഗീയവാദികളാണെന്ന തെറ്റിദ്ധാരണ പരത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസിനെ നേരിടാനെന്ന പേരിൽ സാധാരണക്കാരായ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ബീഫ് നിരോധനം എങ്ങനെയാണോ മനുഷ്യാവകാശ ലംഘനമാകുന്നത്, അതുപോലെ തന്നെ മറ്റുള്ളവരെക്കൊണ്ട് ബീഫ് കഴിപ്പിക്കാൻ നിർബന്ധിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. കേരളത്തിൽ ആരും മറ്റൊരാളോട് ബീഫ് കഴിക്കരുതെന്ന് നിർബന്ധിക്കാറില്ല, അതുപോലെ തന്നെ കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യരുത്. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കിൽ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വെജിറ്റേറിയനായ സാത്വികരെ ബഹുമാനിക്കേണ്ടതിനു പകരം അവർക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തുന്നത് വിശ്വാസത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമർശിച്ചു.

ഒരു മുസ്ലിം വിശ്വാസി പന്നിമാംസം കഴിക്കില്ലെങ്കിലും മറ്റാരും അത് കഴിക്കരുത് എന്ന് അവർ നിർബന്ധിക്കാറില്ല. എന്നാൽ ഇതിന് മറുപടിയായി ഒരു ‘പോർക്ക് ഫെസ്റ്റ്’ നടത്തി ആഘോഷിക്കുന്നത് മതവിരുദ്ധതയും വിശ്വാസികളെ പരിഹസിക്കലുമാണ്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം വിശ്വാസികളെ മുഴുവൻ വർഗീയതയുടെ ഭാഗമായി കാണരുത്. ‘കേരള സ്റ്റോറി’ പോലുള്ള സിനിമകൾക്കെതിരെയുള്ള പ്രതിഷേധം ബീഫ് ഫെസ്റ്റ് നടത്തിക്കൊണ്ടാകരുത്. ഇത്തരം സിനിമകളെ കേരളം ഒറ്റക്കെട്ടായി എതിർത്തത് അത് മുസ്ലിം വിരുദ്ധമായതുകൊണ്ടല്ല, മറിച്ച് കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ട ആയതുകൊണ്ടാണ്. ഇത്തരം സാഹചര്യങ്ങളിൽ ബീഫ് ഫെസ്റ്റ് നടത്തുന്നത് ഒരു ‘സമരാഭാസം’ മാത്രമാണെന്നും ഇതിന് പകരമായി ക്രിയാത്മകമായ പ്രതിരോധമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് എന്റെ മതം, നിനക്ക് നിന്റെയും’ എന്ന സഹിഷ്ണുതയുടെ കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
