ടെല്‍ അവീവ്: ഇസ്രായേലിലെ ആഷ്‌കെലോണ്‍ നഗരത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ ആസൂത്രിതമായ വംശീയ ആക്രമണം. തെല്‍ അവീവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ആഷ്‌കെലോണില്‍ വെച്ചാണ് രണ്ട് ഇന്ത്യന്‍ തൊഴിലാളികളെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനായ ‘കാണ്‍’ പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. വാട്സ്ആപ്പ് വഴി മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഈ വിദ്വേഷ ആക്രമണം നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണം തികച്ചും അസ്വീകാര്യമാണെന്ന് ഇസ്രായേല്‍ എംബസി അറിയിച്ചു. കുറ്റവാളികളെ ഇസ്രായേല്‍ പൊലീസ് പിടികൂടിയതായും അവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും എംബസി എക്‌സിലൂടെ വ്യക്തമാക്കി. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേലി മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 16-നാണ് ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതെങ്കിലും സംഭവം നടന്ന കൃത്യമായ തീയതി വ്യക്തമല്ല.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്ത് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതാണ് യുവാക്കളെ ഇസ്രായേല്‍ പോലുള്ള ഇടങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു. ‘ഇന്ത്യന്‍ തൊഴിലാളികളെ അവിടേക്ക് അയക്കുമ്പോള്‍ ഇന്തോ-ഇസ്രായേല്‍ ‘സൗഹൃദം’ ആഘോഷിക്കുന്ന സര്‍ക്കാര്‍, നമ്മുടെ ജനങ്ങള്‍ ക്രൂരത നേരിടുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്,’ അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
