വൻകൂവർ: കഴിഞ്ഞ വർഷം ബ്രിട്ടിഷ് കൊളംബിയയിൽ ലഹരിമരുന്ന് അമിതമായി ഉപയോഗിച്ച് മരിച്ചവരുടെ എണ്ണത്തിൽ 21% കുറവുണ്ടായതായി റിപ്പോർട്ട്. ഏകദേശം 1,826 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. 2020-ന് ശേഷം ആദ്യമായാണ് മരണസംഖ്യ 2,000-ത്തിന് താഴെയാകുന്നത്. മരണനിരക്ക് കുറഞ്ഞെങ്കിലും ഇത്രയധികം ജീവനുകൾ നഷ്ടപ്പെടുന്നത് വലിയ സങ്കടകരമായ കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
മരിച്ചവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നും പകുതിയോളം മരണങ്ങളും വീടിനുള്ളിലാണ് സംഭവിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ 69% പേരുടെയും ശരീരത്തിൽ ഫെന്റാനിൽ എന്ന മാരക ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 2016-ൽ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇതുവരെ പതിനാറായിരത്തിലധികം ആളുകൾക്കാണ് ലഹരിമരുന്ന് മൂലം ജീവൻ നഷ്ടമായത്.

അമിത ഉപയോഗം തടയാൻ സഹായിക്കുന്ന നാസൽ നലോക്സോൺ (nasal naloxone) കിറ്റുകൾ വ്യാപകമാക്കാൻ സർക്കാർ സർക്കാർ 5 കോടി ഡോളർ അനുവദിച്ചു. ഏപ്രിൽ മാസത്തോടെ പ്രവിശ്യയിലെ 2,400 കേന്ദ്രങ്ങളിൽ ഇത് ലഭ്യമാക്കും. യുവാക്കൾക്കിടയിലെ മരണം തടയാൻ ഈ പദ്ധതി വലിയ സഹായമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
