ഓട്ടവ: കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (NDP) നേതൃസ്ഥാനത്തേക്കുള്ള പോരാട്ടം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാർത്ഥികൾ പങ്കെടുത്ത അവസാന ഔദ്യോഗിക സംവാദത്തിൽ പാർട്ടിയെ പുനർനിർമ്മിക്കാനുള്ള വിവിധ പദ്ധതികൾ സ്ഥാനാർഥികൾ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ചു. പാർട്ടിയെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഭൂരിഭാഗം സ്ഥാനാർത്ഥികളും വ്യക്തമാക്കിയപ്പോൾ, പ്രധാനമന്ത്രി പദമാണ് തന്റെ ലക്ഷ്യമെന്ന് ഒന്റാരിയോയിലെ ഓർഗാനിക് ഫാർമറായ ടോണി മക്വെയ്ൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയങ്ങൾക്കായി ലിബറൽ പാർട്ടിക്കും കൺസർവേറ്റീവുകൾക്കും നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള പ്രായോഗിക തന്ത്രങ്ങളാണ് എം.പി ഹെതർ മക്ഫേഴ്സൺ മുന്നോട്ടുവെച്ചത്. എന്നാൽ ബാങ്കിങ്, ടെലികോം, പലചരക്ക് മേഖലകളിൽ സർക്കാർ നിയന്ത്രിത സംവിധാനങ്ങൾ വരണമെന്ന് ഡോക്യുമെന്ററി സംവിധായകൻ ആവി ലൂയിസ് വാദിച്ചു. അതേസമയം, പാർട്ടി അതിന്റെ തൊഴിലാളിവർഗ വേരുകളിലേക്ക് മടങ്ങണമെന്നും സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും യൂണിയൻ നേതാവ് റോബ് ആഷ്ടൺ പറഞ്ഞു.

ദാരിദ്ര്യം ഇല്ലാതാക്കാൻ പുതിയ പദ്ധതികൾ വേണമെന്ന് നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ തദ്ദേശീയ വ്യക്തിയായ ടനീൽ ജോൺസ്റ്റൺ ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ഊന്നൽ നൽകണമെന്ന് മക്വെയ്ൽ അഭിപ്രായപ്പെട്ടു. മാർച്ച് 9-ന് ആരംഭിക്കുന്ന വോട്ടെടുപ്പ് മാർച്ച് 28 വരെ നീണ്ടുനിൽക്കും. വിനിപെഗിൽ നടക്കുന്ന കൺവെൻഷനിൽ മാർച്ച് 29-ന് എൻഡിപിയുടെ പുതിയ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
