വാഷിങ്ടണ്‍: തന്റെ താരിഫ് നയങ്ങള്‍ക്കെതിരെ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാരെ അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിനുവേണ്ടി ശരിയായ തീരുമാനമെടുക്കാന്‍ ധൈര്യമില്ലാത്ത കോടതി അംഗങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരെ ‘വിഡ്ഢികള്‍’ എന്നും ‘തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ വളര്ത്തുപട്ടികള്’ എന്നും വിളിച്ചാണ് ട്രംപ് തന്റെ രോഷം പ്രകടിപ്പിച്ചത്.
തന്റെ തീരുമാനത്തെ പിന്തുണച്ച ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവന എന്നിവരെ ട്രംപ് പേരെടുത്ത് പ്രശംസിച്ചു. ഇവരുടെ ധീരതയെയും അറിവിനെയും അഭിനന്ദിച്ച അദ്ദേഹം, കോടതി വിധിയെ വിദേശ താല്പര്യങ്ങള് സ്വാധീനിച്ചതായും ആരോപിച്ചു. ട്രംപ് തന്നെ മുന്‍പ് നാമനിര്‍ദേശം ചെയ്ത രണ്ട് ജഡ്ജിമാരും ഇത്തവണ അദ്ദേഹത്തിന്റെ തീരുമാനത്തിന് എതിരെയാണ് വോട്ട് ചെയ്തത് എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEEPA) തെറ്റായ രീതിയിലാണ് കോടതി പ്രയോഗിച്ചതെന്നും അദ്ദേഹം വാദിച്ചു.

കോടതി വിധി താരിഫുകളെ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടില്ലെന്ന് അവകാശപ്പെട്ട ട്രംപ്, മറ്റ് നിയമങ്ങള്‍ ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ തുക ഈടാക്കുന്നത് തുടരുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 1974-ലെ വ്യാപാര നിയമം സെക്ഷന്‍ 122 പ്രകാരം ആഗോളതലത്തില്‍ 10 ശതമാനം താരിഫ് ചുമത്തുന്നതിനുള്ള പുതിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ അദ്ദേഹം ഒപ്പുവെച്ചു. വിദേശ രാജ്യങ്ങള്‍ അമേരിക്കയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയാന്‍ ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ട്രംപ് ഇതിലൂടെ നല്‍കുന്നത്.
