വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുത്താലും തനിക്ക് അതില്‍ വിരോധമില്ലെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബീ. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായി നടത്തിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങളെ ഞെട്ടിച്ച ഈ പ്രസ്താവന ഹക്കബീ നടത്തിയത്. ബൈബിള്‍ പ്രകാരം അബ്രഹാമിന്റെ പിന്‍ഗാമികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയില്‍ ഇസ്രയേലിന് മതപരമായ അവകാശമുണ്ടെന്നാണ് ഹക്കബീയുടെ വാദം.
ഇറാഖിലെ യൂഫ്രട്ടീസ് നദിക്കും ഈജിപ്തിലെ നൈല്‍ നദിക്കും ഇടയിലുള്ള പ്രദേശങ്ങള്‍ ഇസ്രയേലിന് ലഭിക്കുമെന്ന ബൈബിള്‍ പരാമര്‍ശത്തെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. ഈ ഭൂമി ഇന്നത്തെ ലെബനന്‍, സിറിയ, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ ഭാഗമാണെന്ന് കാള്‍സണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ‘ആ ഭൂമി മുഴുവന്‍ അവര്‍ (ഇസ്രയേല്‍) പിടിച്ചെടുത്താല്‍ നന്നാവുമായിരുന്നു’ എന്ന് ഹക്കബീ പ്രതികരിച്ചു. ക്രിസ്ത്യന്‍ സയണിസത്തിന്റെ ശക്തനായ വക്താവായ ഹക്കബീയുടെ ഈ നിലപാട് പശ്ചിമേഷ്യയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

എങ്കിലും, പ്രസ്താവന വിവാദമായതോടെ ഹക്കബീ തന്നെ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകള്‍ ഒരു ‘അതിശയോക്തിപരമായ പ്രസ്താവന’ (Hyperbolic statement) മാത്രമായിരുന്നുവെന്നും ഇസ്രയേല്‍ അയല്‍രാജ്യങ്ങളെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ വിസമ്മതിച്ചു.
