റെജൈന : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കിയ താരിഫ് ഭരണഘടനാ വിരുദ്ധമാണെന്ന അമേരിക്കൻ സുപ്രീം കോടതിയുടെ വിധി സ്വാഗതം ചെയ്ത് സസ്കാച്വാൻ. വിധി ആശ്വാസകരമാണെങ്കിലും പ്രവിശ്യയുടെ സാമ്പത്തിക രംഗത്ത് ഇത് എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് സസ്കാച്വാൻ സർക്കാർ അറിയിച്ചു. 1977-ലെ എമർജൻസി പവർ ഉപയോഗിച്ച് മറ്റ് രാജ്യങ്ങൾക്ക് മേൽ നികുതി ചുമത്തിയ ട്രംപിന്റെ നടപടി അധികാരം ദുരുപയോഗം ചെയ്യലാണെന്നായിരുന്നു കോടതി നിരീക്ഷണം. ഈ വിധിയോടെ ട്രംപിന്റെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നായ താരിഫ് സമ്പ്രദായം ഉപേക്ഷിക്കാൻ വൈറ്റ് ഹൗസ് നിർബന്ധിതമാകും.

ലോകത്തിലെ ഏറ്റവും വലിയ പൊട്ടാഷ് ഉത്പാദകരായ സസ്കാച്വാനെ സംബന്ധിച്ച്, ഈ വിധി പൊട്ടാഷ് കയറ്റുമതിയിലെ നിയന്ത്രണങ്ങൾ നീക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ മിക്ക ഉൽപ്പന്നങ്ങളും കാനഡ-യുഎസ്-മെക്സിക്കോ കരാർ (CUSMA) പ്രകാരം നികുതി രഹിതമാണെങ്കിലും, മറ്റ് ചില മേഖലകളിൽ ഈ താരിഫ് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയുടെ നികുതികൾ മറ്റൊരു നിയമത്തിന് കീഴിലായതിനാൽ അവ തുടരാൻ സാധ്യതയുണ്ട്. വിപണികൾ വൈവിധ്യവൽക്കരിക്കാനും സ്വതന്ത്ര വ്യാപാരത്തിന്റെ ഗുണങ്ങൾ അമേരിക്കൻ ഭരണകൂടത്തെ ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങൾ തുടരുമെന്നും സസ്കാച്വാൻ സർക്കാർ വ്യക്തമാക്കി.
