തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആർ) നടപടികൾക്ക് ശേഷം പുറത്തുവിട്ട പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഒക്ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്ന 2.78 കോടി പേരിൽ നിന്ന് ഏകദേശം 9 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടു. മരണപ്പെട്ടവർ, താമസം മാറിയവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവരെയാണ് ഒഴിവാക്കിയത്. പട്ടികയിൽ 1.38 കോടി സ്ത്രീകളും 1.31 കോടി പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.

പുതിയ പട്ടികയിൽ 18-19 പ്രായപരിധിയിലുള്ള 4.24 ലക്ഷം വോട്ടർമാരും 85 വയസ്സിന് മുകളിലുള്ള രണ്ട് ലക്ഷത്തോളം പേരുമുണ്ട്. അതേസമയം, ഒരേ കുടുംബത്തിലെ വോട്ടർമാർ വിവിധ ബൂത്തുകളിലായി വിഭജിക്കപ്പെട്ടെന്ന പരാതികളും ഉയരുന്നുണ്ട്. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് വരെ പുതിയ വോട്ടർമാർക്ക് പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴി വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
അന്തിമ പട്ടികയിൽ വോട്ടുണ്ടോയെന്ന് അറിയാൻ സന്ദർശിക്കുക: https://electoralsearch.eci.gov.in/.
