ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി ചുമത്തിയ അധിക ഇറക്കുമതി തീരുവകൾ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. പ്രസിഡന്റിന് തീരുവ ചുമത്താൻ അധികാരമില്ലെന്നും നികുതി കാര്യങ്ങളിൽ അമേരിക്കൻ കോൺഗ്രസിനാണ് പരമാധികാരമെന്നുമുള്ള വിധിക്ക് പിന്നാലെ ട്രംപ് പ്രഖ്യാപിച്ച പുതിയ 10 ശതമാനം താൽക്കാലിക ആഗോളനികുതിയുടെ പ്രത്യാഘാതങ്ങളും പഠിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. സുപ്രീം കോടതി വിധിയും ട്രംപിന്റെ പുതിയ തീരുമാനങ്ങളും ഇന്ത്യയുടെ വ്യാപാര മേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

1977-ലെ പ്രത്യേക നിയമം ഉപയോഗിച്ച് ട്രംപ് നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഒൻപതംഗ ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും വിധിച്ചത്. എന്നാൽ കോടതി വിധിയെ ‘വഞ്ചന’ എന്ന് വിശേഷിപ്പിച്ച ട്രംപ്, 1974-ലെ ട്രേഡ് ആക്ടിലെ ‘സെക്ഷൻ 122’ പ്രയോഗിച്ച് 150 ദിവസത്തേക്ക് പുതിയ 10 ശതമാനം നികുതി ഏർപ്പെടുത്തുകയായിരുന്നു. ഏകദേശം 13,300 കോടി ഡോളർ വരുമാനമാണ് മുൻപ് ഏർപ്പെടുത്തിയ തീരുവയിലൂടെ യുഎസ് ഖജനാവിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്ന തുടർന്നുള്ള നടപടികൾ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നിർണ്ണായകമാണ്.
