മിലാനോ: നീണ്ട കാത്തിരിപ്പിനൊടുവിൽ കനേഡിയൻ കർലിംഗ് താരം റൈച്ചൽ ഹോമാൻ ഒളിംപിക് മെഡലിൽ മുത്തമിട്ടു. ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ അമേരിക്കയുടെ ടാബിത പീറ്റേഴ്സൺ നയിച്ച ടീമിനെ 10–7 എന്ന സ്കോറിനാണ് കാനഡ പരാജയപ്പെടുത്തിയത്. 2014-ലെ സോച്ചി ഒളിംപിക്സിന് ശേഷം ആദ്യമായാണ് കാനഡ വനിതാ കർലിംഗിൽ മെഡൽ നേടുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും അഞ്ചാം എൻഡ് അവസാനിക്കുമ്പോൾ അമേരിക്ക 1-0 എന്ന നേരിയ ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാനഡ ശക്തമായി തിരിച്ചുവന്നത് കളിയുടെ ഗതിയെ തന്നെ നിർണയിക്കുകയായിരുന്നു. മത്സരത്തിലെ നിർണായകമായ എട്ടാം എൻഡിൽ കാനഡ മൂന്ന് പോയിന്റുകൾ നേടി. അമേരിക്കൻ സ്കിപ്പ് പീറ്റേഴ്സന്റെ ട്രിപ്പിൾ ടേക്ക് ഔട്ട് ശ്രമം ലക്ഷ്യം തെറ്റിയതും ഹോമാന്റെ കൃത്യതയാർന്ന ഷോട്ടുകളും കാനഡയ്ക്ക് 8-5 എന്ന ലീഡിൻ്റെ മുൻതൂക്കം നൽകി.

ഒൻപതാം എൻഡിൽ അമേരിക്ക രണ്ട് പോയിന്റ് നേടി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, അവസാന എൻഡിൽ കാനഡ വിജയം ഉറപ്പിച്ചു. റൈച്ചൽ ഹോമാൻ, ട്രേസി ഫ്ലൂറി, എമ്മ മിസ്ക്യൂ, സാറ വിൽക്സ് എന്നിവരടങ്ങിയ സംഘമാണ് കാനഡയ്ക്കായി ഈ സ്വപ്നനേട്ടം കൈവരിച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ 1-3 എന്ന നിലയിൽ പിന്നിലായിരുന്ന കാനഡ, തുടർച്ചയായ അഞ്ച് വിജയങ്ങൾ നേടിയാണ് പ്ലേ ഓഫിലെത്തിയത്. ലോക ഒന്നാം നമ്പർ താരമായ റൈച്ചൽ ഹോമാന്റെ മൂന്നാം ഒളിമ്പിക്സായിരുന്നു ഇത്. 2018-ലും 2022-ലും മെഡൽ നേടാൻ കഴിയാതെ പോയ ഹോമാന് ഈ വെങ്കല മെഡൽ ഇരട്ടി മധുരമാണ് നൽകുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 198-31എന്ന റെക്കോർഡും, രണ്ട് വേൾഡ് ചാമ്പ്യൻഷിപ്പുകളും ആറ് ഗ്രാൻഡ് സ്ലാം കിരീടങ്ങളും ഹോമാൻ സ്വന്തമാക്കിയിട്ടുണ്ട്.
