നൂക്ക്: പ്രതീകാത്മക സാന്നിധ്യത്തിനപ്പുറം വ്യാപാരം, ഗതാഗതം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ക്രിയാത്മക ഇടപെടലാണ് ഗ്രീൻലൻഡിൽ കാനഡ ലക്ഷ്യമിടുന്നതെന്ന് ആക്ടിംഗ് കോൺസൽ ജൂലി ക്രോട്ടോ പറഞ്ഞു. കാനഡയുടെ ഗ്രീൻലൻഡ് ദൗത്യത്തിന് നേതൃത്വം നൽകുന്ന ക്രോട്ടോ തന്റെ ആദ്യ മാധ്യമ അഭിമുഖത്തിലാണ് ദൗത്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. കൂടുതൽ ശക്തമായ വ്യാപാര-സാംസ്കാരിക ബന്ധങ്ങൾ ലക്ഷ്യമിട്ട് ഗ്രീൻലൻഡിൽ കാനഡ പുതിയ കോൺസുലേറ്റ് പ്രവർത്തനം തുടങ്ങിയിരുന്നു.
നിലവിൽ ഐസ്ലൻഡ് കോൺസുലേറ്റിന്റെ താത്കാലിക കെട്ടിടത്തിലാണ് കാനഡയുടെ ഈ മൈക്രോ മിഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. ഡെൻമാർക്കുമായും ഗ്രീൻലൻഡുമായും പതിറ്റാണ്ടുകളായുള്ള ബന്ധത്തെ കൂടുതൽ തീവ്രമാക്കാൻ ഈ ഓഫീസ് സഹായിക്കുമെന്ന് ക്രോട്ടോ വ്യക്തമാക്കി. ഡെൻമാർക്കിൽ നിന്ന് എത്തുന്ന സാധനങ്ങളേക്കാൾ കുറഞ്ഞ വിലയിൽ കാനഡയിൽ നിന്ന് ഇവിടെ ഉത്പന്നങ്ങൾ എത്തിക്കാൻ സാധിക്കുന്നത് പുതിയ വ്യാപാര സാധ്യതകൾ തുറക്കുമെന്നും അവർ പറഞ്ഞു.

കാനഡയിലെയും ഗ്രീൻലൻഡിലെയും ഇൻയൂട്ട് വിഭാഗക്കാർ തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ സാമ്യതകൾ പ്രയോജനപ്പെടുത്തി കല, സംഗീതം, സിനിമ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലൻഡ് സ്വന്തമാക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതിന് ഏറെ രാഷ്ട്രീയ വിവാദമുയർത്തിയിരുന്നു. അതിന് പിന്നാലെ അവിടെ കാനഡ ആരംഭിച്ച കോൺസുലേറ്റ് വടക്കൻ മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും ഏറെ നിർണായക സാന്നിധ്യമായി മാറുകയാണ്. ഗ്രീൻലൻഡിലെ മുൻ രാഷ്ട്രീയ നേതാവായ ടില്ലി മാർട്ടിനുസെൻ കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്തു.
