വാഷിങ്ടൺ : അണുബോംബ് നിർമിക്കില്ലെന്ന് ഇറാൻ രേഖാമൂലം ഉറപ്പുനൽകിയാൽ നിബന്ധനകളോടെ ആണവ സമ്പുഷ്ടീകരണം തുടരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും അദ്ദേഹത്തിന്റെ മകനെയും വധിക്കാൻ പോലും ട്രംപിന് പദ്ധതിയുള്ളതായി പ്രമുഖ യുഎസ് പ്രസിദ്ധീകരണമായ ‘ആക്സിയോസ്’ വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് വട്ടവും നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെ മേഖലയിൽ യുഎസ് വൻതോതിൽ സൈനിക സന്നാഹം വർധിപ്പിച്ചിട്ടുണ്ട്. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്. രാഷ്ട്രീയമായി ഗുണകരമായ ഒരു കരാറിന് ട്രംപ് തയ്യാറാണെങ്കിലും, ഇറാൻ സമയം പാഴാക്കുകയാണെങ്കിൽ യുഎസിന്റെ ക്ഷമ നശിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഖമനയിയെയും മറ്റ് പുരോഹിത നേതൃത്വത്തെയും ലക്ഷ്യം വെക്കുന്നത് ഉൾപ്പെടെയുള്ള വിവിധ സൈനിക പ്ലാനുകൾ യുഎസിന്റെ പക്കലുണ്ടെന്നാണ് വിവരം.

ഇസ്രയേലുമായി ചേർന്ന് സംയുക്ത സൈനിക നീക്കത്തിന് യുഎസ് തയ്യാറെടുക്കുന്നതായാണ് ഗൾഫിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതിന്റെ ഭാഗമായി പോർച്ചുഗലിലെ ലാജെസ് വിമാനത്താവളത്തിൽ യുഎസ് യുദ്ധവിമാനങ്ങളും റീഫ്യൂവലിംഗ് ടാങ്കറുകളും ചരക്കുനീക്കത്തിനുള്ള സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളും എത്തിക്കഴിഞ്ഞു. അതേസമയം, വരും ദിവസങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന വിശദമായ നിർദ്ദേശം സമർപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഈ നിർദ്ദേശങ്ങൾ എത്രത്തോളം വിശ്വസനീയമാണ് എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയുടെ ഭാവി.
