വാഷിങ്‌ടൺ : ഇന്ത്യയുമായുണ്ടാക്കിയ പുതിയ വ്യാപാരക്കരാർ സുപ്രീം കോടതി വിധിക്ക് ശേഷവും അതേപടി തുടരുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്ന തീരുവ വ്യവസ്ഥകൾ പൂർണ്ണമായും മാറ്റിയെന്നും ഇനി മുതൽ ഇന്ത്യയ്ക്ക് തീരുവയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി മോദി ഒരു ‘ജെന്റിൽമാൻ’ ആണെങ്കിലും, ഇക്കാലമത്രയും സാമർഥ്യം കാട്ടി അമേരിക്കയെ കബളിപ്പിക്കുകയായിരുന്നുവെന്നും വ്യാപാരക്കരാറോടെ അതിന് അന്ത്യമായെന്നും ട്രംപ് വാഷിങ്‌ടണിൽ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് താനാണെന്ന വിചിത്രമായ അവകാശവാദവും ട്രംപ് ആവർത്തിച്ചു. തീരുവ 200 ശതമാനമായി വർധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇത് സാധ്യമാക്കിയതെന്നും അതുവഴി മൂന്നരക്കോടി ജനങ്ങളുടെ ജീവൻ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയത് തന്റെ നിർദ്ദേശപ്രകാരമാണെന്നും യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
