Sunday, February 22, 2026

യുഎസില്‍ ‘എടിഎം ജാക്ക്പോട്ടിങ്’ വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി എഫ്ബിഐ

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ ബാങ്ക് ഇടപാടുകാരെയും സുരക്ഷാ ഏജന്‍സികളെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തി ‘എടിഎം ജാക്ക്പോട്ടിങ്’ തട്ടിപ്പ് വ്യാപകമാകുന്നു. എടിഎം മെഷീനുകള്‍ തകര്‍ക്കുകയോ ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്യാതെ, അത്യാധുനിക മാല്‍വെയറുകള്‍ ഉപയോഗിച്ച് എടിഎമ്മുകളെ നേരിട്ട് ഹാക്ക് ചെയ്ത് പണം കവരുന്ന രീതിയാണിത്. വര്‍ധിച്ചുവരുന്ന ഈ ഭീഷണിക്കെതിരെ എഫ്ബിഐ (FBI) അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പ്ലൂട്ടസ് (Plutus) തുടങ്ങിയ മാരകമായ മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ എടിഎമ്മിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസ് സോഫ്റ്റ്വെയറില്‍ കടന്നുകയറുന്നത്. സാധാരണഗതിയില്‍ ഒരു ഇടപാട് നടക്കുമ്പോള്‍ എടിഎം സോഫ്റ്റ്വെയര്‍ ബാങ്കിന്റെ സെര്‍വറില്‍ നിന്ന് അനുമതി തേടാറുണ്ട്. എന്നാല്‍ ഈ മാല്‍വെയറുകള്‍ ബാങ്കിന്റെ അനുമതിയില്ലാതെ തന്നെ പണം വിതരണം ചെയ്യാന്‍ മെഷീന് നിര്‍ദ്ദേശം നല്‍കുന്നു. ഇതോടെ മിനിറ്റുകള്‍ക്കുള്ളില്‍ എടിഎമ്മിലെ മുഴുവന്‍ പണവും പുറത്തേക്ക് വരികയും തട്ടിപ്പുകാര്‍ക്ക് അത് കൈക്കലാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. കാര്‍ഡുകളോ പിന്‍ നമ്പറോ ആവശ്യമില്ലാത്തതിനാല്‍ ഈ തട്ടിപ്പ് തത്സമയം കണ്ടെത്തുക പ്രയാസകരമാണ്.

എടിഎമ്മിന്റെ ഹാര്‍ഡ് ഡ്രൈവ് രഹസ്യമായി നീക്കം ചെയ്ത് മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോ, അല്ലെങ്കില്‍ എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവുകള്‍ ഘടിപ്പിച്ചോ ആണ് ഹാക്കിംഗ് നടത്തുന്നത്. ഡ്രൈവ് തിരികെ സ്ഥാപിച്ച് റീബൂട്ട് ചെയ്യുന്നതോടെ മെഷീന്‍ പൂര്‍ണ്ണമായും ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാകുന്നു. ഒറ്റയടിക്ക് വന്‍തുക മെഷീനില്‍ നിന്ന് പുറത്തേക്ക് വരുന്നതിനാലാണ് ഇതിന് ‘ജാക്ക്പോട്ടിങ്’ എന്ന പേര് ലഭിച്ചത്.

എഫ്ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020-ന് ശേഷം അമേരിക്കയില്‍ 1900-ഓളം ജാക്ക്പോട്ടിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 2025-ല്‍ മാത്രം 700-ലേറെ തട്ടിപ്പുകള്‍ നടന്നു എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം രണ്ട് കോടി ഡോളറിലധികം (ഏകദേശം 160 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇത്തരത്തില്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എടിഎം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പരിഷ്‌കരിക്കണമെന്നും നിരീക്ഷണ ക്യാമറകള്‍ കര്‍ശനമാക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!