തിരുവനന്തപുരം : കുട്ടികളുടെ ആധാർ സമർപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടിയതോടെ പൊതുവിദ്യാലയങ്ങളിൽ നഷ്ടപ്പെടുമായിരുന്ന 175 അധ്യാപക തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആധാർ രേഖകൾ കൃത്യമായതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനയുണ്ടാവുകയും ഇത് തസ്തികകൾ നിലനിർത്താൻ സഹായിക്കുകയും ചെയ്തു. കൂടാതെ പത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ 15 സ്കൂളുകൾ ‘അൺ ഇക്കണോമിക്’ (കുറഞ്ഞ കുട്ടികളുള്ള വിദ്യാലയം) പദവിയിൽ നിന്ന് ഒഴിവാകും. 2025 ജൂൺ പത്താം തീയതിയായിരുന്നു തസ്തിക നിർണ്ണയത്തിനുള്ള ആറാം പ്രവൃത്തിദിനമായി കണക്കാക്കിയിരുന്നത്. എന്നാൽ അന്ന് ആധാർ ഇല്ലാതിരുന്ന കുട്ടികൾക്ക് ജൂലൈ 14 വരെ സമയം അനുവദിച്ചതോടെ കൂടുതൽ കുട്ടികൾ പട്ടികയിൽ ഉൾപ്പെടുകയായിരുന്നു.

കൈറ്റിന്റെ (KITE) നേതൃത്വത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെ നടന്ന പ്രത്യേക പരിശോധനയിലൂടെയാണ് പുതിയ വിവരങ്ങൾ ക്രോഡീകരിച്ചത്. 213 വിദ്യാലയങ്ങളിലായി തസ്തിക നിർണ്ണയത്തിൽ നിന്ന് പുറന്തള്ളപ്പെട്ട 1052 കുട്ടികളുടെ വിവരങ്ങളാണ് പരിശോധിച്ചത്. ഇതിൽ മതിയായ രേഖകളുള്ള 912 കുട്ടികളുടെ ആധാർ അംഗീകരിച്ചു. എന്നാൽ കൃത്യമായ രേഖകളില്ലാത്ത 140 അപേക്ഷകൾ നിരസിച്ചതായും മന്ത്രി അറിയിച്ചു.
