കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍, പക്തിക പ്രവിശ്യകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് താലിബാന്‍ ഭരണകൂടം രംഗത്തെത്തി. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഡസന്‍ കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും, പാക്കിസ്ഥാന്റെ ഇത്തരം നടപടികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം രാജ്യത്തെ ആഭ്യന്തര വെല്ലുവിളികളും സുരക്ഷാ പരാജയങ്ങളും മറച്ചുവെക്കാനാണ് പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നതെന്ന് അഫ്ഗാനിസ്ഥാന്‍ എക്‌സില്‍ കുറിച്ചു.
പാക്കിസ്ഥാനിലെ ഷിയാ പള്ളിയിലും ബന്നു, ബജൗര്‍ മേഖലകളിലും അടുത്തിടെ നടന്ന ചാവേര്‍ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളാണെന്ന് ആരോപിച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായുള്ള നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ താലിബാന്‍ (TTP) ഉള്‍പ്പെടെയുള്ള ‘ഖ്വാരിജ്’ തീവ്രവാദികളെയാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് ഇസ്ലാമാബാദ് അവകാശപ്പെട്ടു. ഏഴ് തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തതായും പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചു.

എന്നാല്‍, പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ കാബൂള്‍ ശക്തമായി നിഷേധിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അയല്‍പക്ക തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള ഈ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും താലിബാന്‍ വ്യക്തമാക്കി. സൗദിയുടെ മധ്യസ്ഥതയില്‍ തടവിലായിരുന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ അഫ്ഗാനിസ്ഥാന്‍ മോചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്.
2,600 കിലോമീറ്ററോളം നീളുന്ന അതിര്‍ത്തിയില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷം മേഖലയിലെ വ്യാപാരത്തെയും സാധാരണക്കാരുടെ സഞ്ചാരത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തലിന് ധാരണയായിരുന്നുവെങ്കിലും തങ്ങളുടെ മണ്ണില്‍ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം താലിബാന്‍ നിഷേധിക്കുന്നതോടെ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുകയാണ്. ശനിയാഴ്ച ബന്നുവില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതാണ് പാക്കിസ്ഥാനെ വ്യോമാക്രമണത്തിന് പ്രേരിപ്പിച്ചത്.
