കൊച്ചി : തൊണ്ടിമുതൽ തിരിമറിക്കേസിൽ താൻ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തൽ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് മുൻമന്ത്രി ആന്റണി രാജു. നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി ഈ ആവശ്യം തള്ളിയിരുന്നു. ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി മരവിപ്പിച്ചിട്ടുണ്ടെങ്കിലും, ‘കുറ്റക്കാരൻ’ എന്ന കണ്ടെത്തൽ കൂടി മരവിപ്പിച്ചാൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎ സ്ഥാനത്തെ അയോഗ്യത നീങ്ങുകയുള്ളൂ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത നിലനിർത്താനാണ് അദ്ദേഹത്തിന്റെ ഈ നീക്കം.
1990-ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലർക്കും ചേർന്ന് അടിവസ്ത്രം വെട്ടിത്തയ്ച്ച് പ്രതിക്ക് പാകമാകാത്ത വിധം മാറ്റം വരുത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനാണ് ശിക്ഷിച്ചത്. ഇതേത്തുടർന്ന് അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു.

ലഹരിക്കേസിൽ ഹൈക്കോടതി വെറുതെ വിട്ട വിദേശി ഓസ്ട്രേലിയയിൽ മറ്റൊരു കേസിൽ ജയിലിലായപ്പോഴാണ് ഈ തിരിമറിയുടെ വിവരം സഹതടവുകാരനോട് വെളിപ്പെടുത്തിയത്. തുടർന്ന് ഓസ്ട്രേലിയൻ പൊലീസ് ഇന്റർപോൾ വഴി കേരള പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കേരളത്തിൽ ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാകുന്ന ആദ്യത്തെ ജനപ്രതിനിധിയാണ് ആന്റണി രാജു.
