ന്യൂഡൽഹി : അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകി വിടവാങ്ങിയ ആലിൻ ഷെറിനെ ‘മൻ കി ബാത്തിലൂടെ’ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴമേറിയ ദുഃഖത്തിനിടയിലും ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളായ അരുൺ എബ്രഹാമിനെയും ഷെറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഓരോ പൗരനും ആദരവോടെ നമിക്കേണ്ട വലിയ തീരുമാനമാണ് അവരുടേതെന്നും ആലിന്റെ പേര് എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചുവരികയാണെന്ന് മോദി ചൂണ്ടിക്കാട്ടി. അവയവദാനം ഒരു മഹത്കൃത്യമാണെന്നും അത് ആവശ്യമുള്ളവർക്ക് ലഭ്യമാക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മെഡിക്കൽ ഗവേഷണ രംഗത്തെ മുന്നേറ്റങ്ങൾ മൂലം അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ടെന്നും ഇന്ത്യ ഈ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
