ഓട്ടവ: കോർപ്പറേറ്റ് ലോകത്തെ പദവി ഉയർച്ചകളോട് പുതുതലമുറയ്ക്ക് താൽപ്പര്യം കുറയുന്നതായി റിപ്പോർട്ടുകൾ. ടീം ലീഡറോ മാനേജരോ ആയി മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനേക്കാൾ, സ്വന്തം ജോലിയിൽ വൈദഗ്ധ്യം തെളിയിക്കുന്നതിനാണ് Gen Z ൽ പെട്ടവർ മുൻഗണന നൽകുന്നത്. കാനഡയിൽ നടന്ന ഒരു സർവ്വേ പ്രകാരം പകുതിയോളം യുവാക്കളും മാനേജീരിയൽ റോളുകൾ വേണ്ടെന്ന് വെക്കുന്നവരാണ്.
ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ തകരുമെന്ന പേടിയാണ് പലരെയും ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. മറ്റുള്ളവരുടെ കരിയറിനും തെറ്റുകുറ്റങ്ങൾക്കും ഉത്തരവാദികളാകുന്നത് അനാവശ്യ സമ്മർദ്ദമുണ്ടാക്കുമെന്ന് ഇവർ കരുതുന്നു. ഇതോടെ കമ്പനികളിൽ മാനേജർമാരുടെ വലിയ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാൻ പല സ്ഥാപനങ്ങളും തങ്ങളുടെ പ്രവർത്തന രീതിയിൽ മാറ്റം വരുത്തുകയാണ്.

മാനേജർ പദവിയിലുള്ളവർക്ക് മാത്രം ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും നൽകുന്ന രീതി പല കമ്പനികളും ഉപേക്ഷിച്ചു. പകരം, മറ്റുള്ളവരെ നിയന്ത്രിക്കാതെ തന്നെ സ്വന്തം മേഖലയിൽ വൈദഗ്ധ്യം തെളിയിക്കുന്ന ‘ക്രാഫ്റ്റേഴ്സിന്’ തുല്യമായ ശമ്പളവും സ്ഥാനക്കയറ്റവും നൽകുന്ന പുതിയ മാതൃകകൾ Shopify പോലുള്ള കമ്പനികൾ നടപ്പിലാക്കി വരുന്നു. നേതൃത്വ ഗുണമുള്ളവരെ നേരത്തെ കണ്ടെത്തി പരിശീലനം നൽകുന്നതിലൂടെ കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
