മെക്സിക്കോ സിറ്റി: ലോകത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘടനകളിലൊന്നായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ തലവൻ നെമെസിയോ ഒസെഗ്വേര എന്ന എൽമെഞ്ചോ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ തപാൽപ്പ മേഖലയിൽ നടത്തിയ അതിശക്തമായ സൈനിക ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ മെക്സിക്കോയിലെ ജാലിസ്കോ പ്രവിശ്യയിലുള്ള തപാൽപ്പയിൽ വെച്ചാണ് കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് മെക്സിക്കോയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ കുറ്റവാളി കൊല്ലപ്പെട്ടത്. അർദ്ധരാത്രിയിൽ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് എൽമെഞ്ചോ കൊല്ലപ്പെട്ടത്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്കൻ സർക്കാർ ഏകദേശം 125 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. എൽമെഞ്ചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയിലെ വിവിധ നഗരങ്ങളിൽ കാർട്ടൽ അംഗങ്ങൾ അക്രമം അഴിച്ചുവിട്ടു. റോഡുകളിൽ വാഹനങ്ങൾ കത്തിച്ചും ബാരിക്കേഡുകൾ തീർത്തും ഗതാഗതം തടസ്സപ്പെടുത്തി. ഗ്വാഡലഹാര, പ്യൂർട്ടോ വല്ലർട്ട തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്.

എൽമെഞ്ചോയുടെ അന്ത്യം മെക്സിക്കോയ്ക്കും ലോകത്തിനും ലഭിച്ച വലിയ വിജയമാണെന്ന് അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ വിശേഷിപ്പിച്ചു. എന്നാൽ ഇതിനുപിന്നാലെ വിനോദസഞ്ചാരികൾക്കും വിദേശ പൗരന്മാർക്കും അമേരിക്ക ഷെൽട്ടർ-ഇൻ-പ്ലേസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എൽ മെഞ്ചോ പിന്നീട് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് തിരിയുകയായിരുന്നു. എൽമെഞ്ചോ നയിക്കുന്ന CJNG കാർട്ടൽ മെക്സിക്കോയിലെ ഏറ്റവും ക്രൂരമായ സംഘമായാണ് അറിയപ്പെടുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണങ്ങൾക്കും നൂതനമായ ആയുധങ്ങൾ ഉപയോഗിക്കുന്നതിനും ഇവർ കുപ്രസിദ്ധരാണ്.
