പട്ന : ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള മാംസവിൽപന കുട്ടികളിൽ അക്രമവാസനയുണ്ടാക്കുമെന്നും പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ഈ നിയന്ത്രണം പ്രഖ്യാപിച്ചത്. റോഡരികിലെ ഇറച്ചി വിൽപന മൂലമുണ്ടാകുന്ന മാലിന്യവും ദുർഗന്ധവും സംബന്ധിച്ച പരാതികൾ പരിഗണിച്ചാണ് ഈ നടപടിയെന്നും, ഇത് ഏതെങ്കിലും പ്രത്യേക സമുദായത്തിന് എതിരല്ലെന്നും സർക്കാർ വ്യക്തമാക്കി.

2007-ലെ ബിഹാർ മുൻസിപ്പൽ ആക്ട് പ്രകാരമാണ് പുതിയ നിരോധനം നടപ്പിലാക്കുന്നത്. ഇനി മുതൽ നഗരസഭാ അധികൃതരുടെ കൃത്യമായ ലൈസൻസില്ലാതെ മാംസമോ മീനോ വിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള സമാനമായ നിയന്ത്രണങ്ങളുടെ മാതൃകയിലാണ് ബിഹാർ സർക്കാരും ഈ പരിഷ്കാരം കൊണ്ടുവരുന്നത്.
