കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ നിന്ന് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് മലയോര പാതയിൽ നിന്ന് മറിഞ്ഞ് 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച പുലർച്ചെ പൃഥ്വി ഹൈവേയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മലഞ്ചെരിവിൽ നിന്ന് തൃശൂലി നദിക്കരയിലേക്കാണ് വീണത്. അപകടസമയത്ത് നാൽപ്പതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു.
മരിച്ചവരിൽ 24 വയസ്സുള്ള ബ്രിട്ടിഷ് പൗരനും ഉൾപ്പെടുന്നുണ്ടെന്ന് ധാഡിങ് ജില്ലാ പൊലീസ് അറിയിച്ചു. 25 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചൈനീസ് പൗരനും ന്യൂസിലൻഡ് സ്വദേശിനിയായ യുവതിയും ഉൾപ്പെടുന്നു. ഇവരെ കാഠ്മണ്ഡുവിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ തകർന്ന ബസിനുള്ളിൽ നിന്നാണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

റോഡുകളുടെയും വാഹനങ്ങളുടെയും മോശം അവസ്ഥയാണ് നേപ്പാളിൽ ബസ് അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് കണ്ടെത്തൽ. 2024-ൽ ഇതേ നദിയിലേക്ക് രണ്ട് ബസുകൾ മറിഞ്ഞ് 65 പേരെ കാണാതായിരുന്നു. വേഗത്തിൽ ഒഴുകുന്ന മലയോര നദിയായതിനാൽ തിരച്ചിൽ ദുഷ്കരമായാരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
