ഓട്ടവ : കാനഡയിൽ 2025-ലെ ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമായി. ഏപ്രിൽ 30 വരെയാണ് ഭൂരിഭാഗം നികുതിദായകർക്കും അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലുടമകളിൽ നിന്നുള്ള ടി4 സ്ലിപ്പുകളും മറ്റ് നിക്ഷേപ രേഖകളും ഫെബ്രുവരി അവസാനത്തോടെ ലഭ്യമാകുമെന്നും, കൃത്യസമയത്ത് നികുതി അടച്ച് പിഴ ഒഴിവാക്കാൻ പൗരന്മാർ ശ്രദ്ധിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. ആർആർഎസ്പി നിക്ഷേപങ്ങൾ വഴി നികുതി ബാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 2-നകം നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

കാനഡ റവന്യൂ ഏജൻസി (സിആർഎ) ഇത്തവണ നിരവധി പരിഷ്കാരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിആർഎ അക്കൗണ്ട് തുടങ്ങുന്നതിനായി തപാൽ വഴി കോഡ് വരുന്നതിനായി ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ടതില്ല. പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഓൺലൈനായി തന്നെ വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കാം. കൂടാതെ, സംശയനിവാരണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് സേവനവും ലഭ്യമാണ്. സ്വയം തൊഴിൽ ചെയ്യുന്നവർ ജൂൺ 15 വരെ റിട്ടേൺ ഫയൽ ചെയ്യാമെങ്കിലും, കുടിശ്ശിക തുക ഏപ്രിൽ 30-നകം അടച്ചില്ലെങ്കിൽ പലിശ നൽകേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
