Monday, February 23, 2026

മാർക്ക് കാർണി ഇന്ത്യയിലേക്ക്; സന്ദർശനം ഈ മാസം അവസാനം

ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ മൂന്ന് രാഷ്ട്രങ്ങളടങ്ങുന്ന ഇൻഡോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള കാർണിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.

കാർണി തന്റെ ഇന്ത്യാ സന്ദർശനം മുംബൈയിൽ നിന്ന് ആരംഭിക്കും. ശേഷം ന്യൂഡൽഹിയിലെത്തുന്ന കാർണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് ചർച്ചകളിൽ പ്രധാന വിഷയമാകും. നയതന്ത്രപരമായ അസ്വാരസ്യങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പഴയപടിയാക്കുന്നതിൽ ഈ സന്ദർശനം അതീവ നിർണ്ണായകമായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ജി7, ജി20 ഉച്ചകോടികളിൽ വെച്ച് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സന്ദർശന വേളയിൽ കാർണി ഇന്ത്യൻ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും കാനഡയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യും. ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് കാനഡ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം സിഡ്‌നിയും കാൻബറയും സന്ദർശിക്കും. പ്രതിരോധം, സമുദ്ര സുരക്ഷ, നിർണ്ണായക ധാതുക്കൾ എന്നിവയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി ചർച്ചകൾ നടത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!