Tuesday, February 24, 2026

യുഎസില്‍ ‘ബോംബ് സൈക്ലോണ്‍’: പതിനായിരത്തിലധികം വിമാനങ്ങള്‍ റദ്ദാക്കി

വാഷിങ്ടണ്‍: യുഎസിന്റെ വടക്കുകിഴക്കന്‍ മേഖലകളിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ച ജനജീവിതം സ്തംഭിപ്പിച്ചു. 24 മണിക്കൂറിനുള്ളില്‍ വായുമര്‍ദ്ദം കുത്തനെ ഇടിയുന്ന ‘ബോംബ് സൈക്ലോണ്‍’ പ്രതിഭാസമാണ് കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഞ്ഞുവീഴ്ച തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം മറ്റൊരു മഞ്ഞുവീഴ്ച കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കാരണം ഗതാഗത സംവിധാനങ്ങള്‍ നിലയ്ക്കുകയും വിദ്യാലയങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ ചിലയിടങ്ങളില്‍ നിര്‍ദേശം നല്‍കി. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം പതിനായിരത്തിലധികം വിമാനങ്ങളാണ് വിവിധ വിമാനക്കമ്പനികള്‍ റദ്ദാക്കിയത്. തിങ്കളാഴ്ച മാത്രം അയ്യായിരത്തിലധികം സര്‍വീസുകള്‍ മുടങ്ങി.

പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പലയിടങ്ങളിലും രണ്ട് അടിയിലധികം (60 സെന്റിമീറ്റര്‍) മഞ്ഞ് അടിഞ്ഞുകൂടി. റോഡുകളില്‍ മഞ്ഞ് കുന്നുകൂടിയതോടെ ഗതാഗതം അസാധ്യമായിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളില്‍ വിദ്യാലയങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അടച്ചിട്ടു. ദശലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അധികൃതര്‍ പലയിടങ്ങളിലും കര്‍ശനമായ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്റാന്‍ മംദാനി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ്, ന്യൂജേഴ്സി, റോഡ് ഐലന്‍ഡ് എന്നിവിടങ്ങളിലും സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ ബ്ലിസാര്‍ഡ് (Blizzard) മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഐ-95 കോറിഡോറിലെ പല റോഡുകളിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്.

ശൈത്യതരംഗത്തെത്തുടര്‍ന്ന് അമേരിക്കയുടെ കിഴക്കന്‍ തീരത്ത് അഞ്ച് ലക്ഷത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. മസാച്യുസെറ്റ്സ്, ന്യൂജേഴ്സി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത മഞ്ഞും കാറ്റും തടസ്സമാകുന്നു. മസാച്യുസെറ്റ്സില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം താല്‍ക്കാലികമായി അടച്ചു. സ്ഥിതിഗതികള്‍ നേരിടാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചു. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. താപനില വന്‍തോതില്‍ താഴുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!