മുംബൈ : ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിൽ, ഹരിയാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിൽ 590 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഈ വാർത്ത പുറത്തുവന്നതോടെ ബാങ്കിന്റെ വിപണി മൂല്യത്തിൽ ഒരൊറ്റ ദിവസം കൊണ്ട് 14,438 കോടി രൂപയുടെ ഇടിവുണ്ടായി. ബാങ്കിന്റെ ഒരു പാദത്തിലെ അറ്റാദായത്തേക്കാൾ വലിയ തുകയാണ് നഷ്ടപ്പെട്ടതെന്നത് നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ ബാങ്ക് സസ്‌പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിനായി കെപിഎംജിയെ ഫോറൻസിക് ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തു. ഫെബ്രുവരി 18-നാണ് ഹരിയാന സർക്കാർ വകുപ്പുകൾ അക്കൗണ്ട് ബാലൻസിലെ വ്യത്യാസം കണ്ടെത്തിയത്.

ബാങ്കിന്റെ ഓഹരി വിലയിലുണ്ടായ വൻ ഇടിവ് പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനികളെയും ബാധിച്ചിട്ടുണ്ട്. ടാറ്റ മ്യൂച്വൽ ഫണ്ട് (1,180 കോടി രൂപയുടെ നിക്ഷേപം), എച്ച്എസ്ബിസി, മോത്തിലാൽ ഒസ്‌വാൾ തുടങ്ങി 34 ഓഹരി മാനേജുമെന്റ് കമ്പനികൾക്കായി ബാങ്കിൽ 99 കോടി ഓഹരികളാണുള്ളത്. ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ബാങ്കിന് സാധിക്കൂ.
