പാരിസ്: അമേരിക്കൻ അംബാസഡർ ചാൾസ് കുഷ്നറും ഫ്രഞ്ച് സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം നൽകിയ സമൻസ് അവഗണിച്ചതിനെത്തുടർന്ന്, അംബാസഡർക്ക് ഫ്രഞ്ച് മന്ത്രിമാരെ നേരിട്ട് കാണുന്നതിൽ വിലക്കേർപ്പെടുത്തിയാണ് സർക്കാർ അനിഷ്ടം പ്രകടിപ്പിച്ചത്. ഫെബ്രുവരി 12-ന് ലിയോണിൽ നടന്ന പ്രതിഷേധത്തിനിടെ ക്വെന്റിൻ ഡെറാങ്ക്എന്ന തീവ്ര വലതുപക്ഷ പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ഫ്രഞ്ച് സർക്കാരിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പങ്കുവെച്ചതിന് പിന്നാലെയാണ് അകൽച്ച കൂടിയത്. ഇത് ഫ്രാൻസിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന വിലയിരുത്തലിലാണ് ഫ്രഞ്ച് സർക്കാർ. ഈ വിഷയത്തിൽ വിശദീകരണം നൽകാൻ തിങ്കളാഴ്ച വൈകുന്നേരം വിദേശകാര്യ മന്ത്രാലയത്തിൽ ഹാജരാകാൻ കുഷ്നറോട് ആവശ്യപ്പെട്ടിരുന്നു. കുഷ്നർ ഹാജരാകാതെ ഒരു കീഴ്ദ്യോഗസ്ഥനെയാണ് അയച്ചത്.

ഇതിന് പിന്നാലെ നയതന്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങൾ പാലിക്കാൻ അംബാസഡർ തയ്യാറാകുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് കുറ്റപ്പെടുത്തി. കുഷ്നർ വിശദീകരണം നൽകുന്നതുവരെ അദ്ദേഹത്തിന് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങൾ തുടരും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളുടെ ഭർത്താവായ ജാറെഡ് കുഷ്നറുടെ പിതാവാണ് ചാൾസ് കുഷ്നർ. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ ഇദ്ദേഹം 2025 മെയിലാണ് പാരിസിലെ അംബാസഡറായി ചുമതലയേറ്റത്. നേരത്തെ നികുതി വെട്ടിപ്പും സാക്ഷിമൊഴി അട്ടിമറിക്കലും ഉൾപ്പെടെയുള്ള കേസുകളിൽ കുഷ്നർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
