എഡ്മിന്റൻ: ആൽബർട്ടയിലെ ആരോഗ്യമേഖല നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാനായി ഡോക്ടർമാർക്കായി റെക്കോർഡ് തുക നീക്കിവെക്കാൻ ഒരുങ്ങി പ്രവിശ്യ സർക്കാർ. ഈ ആഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ 770 കോടി ഡോളറാണ് ഡോക്ടർമാർക്കായി നീക്കിവച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22% വർധനവാണ്. ജനസംഖ്യയിൽ ഉണ്ടായ വലിയ വർധന കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
എന്നാൽ, സർക്കാരിന്റെ ഈ പ്രഖ്യാപനം പ്രായോഗികമായി എത്രത്തോളം ഗുണകരമാകുമെന്ന കാര്യത്തിൽ ആരോഗ്യരംഗത്തെ വിദഗ്ധർക്കും ഡോക്ടർമാർക്കും സംശയമുണ്ട്. ആൽബർട്ടയിൽ നിലവിൽ 13,000-ലധികം ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പലയിടങ്ങളിലും രോഗികളെ സ്വീകരിക്കാൻ ഡോക്ടർമാർ ലഭ്യമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. എമർജൻസി വിഭാഗങ്ങളിൽ ഇപ്പോഴും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് മുൻനിര ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ ഡിസംബറിൽ എഡ്മിന്റനിലെ ഒരു എമർജൻസി റൂമിൽ എട്ടു മണിക്കൂർ കാത്തുനിന്ന 44-കാരൻ മരിച്ചതിനെത്തുടർന്ന് ഡോക്ടർമാർ വലിയ പ്രതിഷേധത്തിലായിരുന്നു. പുതിയ ബജറ്റിൽ തുക അനുവദിച്ചതുകൊണ്ട് മാത്രം ജീവനക്കാരുടെ മനോവീര്യം വർധിക്കില്ലെന്നും ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും കൃത്യമായ പദ്ധതികൾ വേണമെന്നും ഡോക്ടർമാർ ആവശ്യം ഉന്നയിച്ചു.
