ടൊറന്റോ: പൊതുഗതാഗത സംവിധാനങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ സ്പെഷ്യൽ കോൺസ്റ്റബിൾമാർക്ക് അധികാരം നൽകുന്ന പുതിയ നിയമഭേദഗതിയുമായി ഒന്റാരിയോ സർക്കാർ. നിലവിൽ ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനിൽ (ടിടിസി) സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് ഉപയോഗം തടയാനും നിർദ്ദേശം ലംഘിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും ഈ നിയമം അനുമതി നൽകും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, അക്രമാസക്തമായ സാഹചര്യങ്ങൾ നേരിടാൻ തങ്ങൾക്ക് ടേസറുകൾ പോലുള്ള ആധുനിക സുരക്ഷാ ഉപകരണങ്ങൾ കൂടി വേണമെന്ന് ഉദ്യോഗസ്ഥരുടെ സംഘടന ആവശ്യപ്പെടുന്നു.

അതേസമയം, ഈ നീക്കം സമൂഹത്തിലെ ഭവനരഹിതരെയും പാവപ്പെട്ടവരെയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. തണുപ്പുകാലത്ത് അഭയം തേടി ട്രാൻസിറ്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നവരെ ക്രിമിനലുകളായി കാണുന്നത് ശരിയല്ലെന്നും, പകരം മാനസികാരോഗ്യ വിദഗ്ധരുടെ സേവനമാണ് ഇത്തരം ഇടങ്ങളിൽ ലഭ്യമാക്കേണ്ടതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദ്ദേശത്തിന്മേൽ പൊതുജനങ്ങൾക്ക് മാർച്ച് 1 വരെ തങ്ങളുടെ അഭിപ്രായങ്ങൾ സർക്കാരിനെ അറിയിക്കാവുന്നതാണ്.
