Wednesday, February 25, 2026

ഡിമെൻഷ്യ രോഗികൾക്കായി ഒന്റാരിയോയുടെ കൈത്താങ്ങ്; 17 കേന്ദ്രങ്ങളിൽ വിപുലമായ ചികിത്സാ സൗകര്യങ്ങൾ

ടൊറന്റോ: ഒന്റാരിയോയിലെ ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ ഡിമെൻഷ്യ ബാധിച്ചവർക്കുള്ള ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 90 ലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് ഫോർഡ് സർക്കാർ. 2050-ഓടെ പ്രവിശ്യയിൽ ഡിമെൻഷ്യ ബാധിതരുടെ എണ്ണം മൂന്നിരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് 17 പരിചരണ കേന്ദ്രങ്ങൾക്കായി ഈ തുക അനുവദിച്ചിരിക്കുന്നത്. പ്രവിശ്യയുടെ പുതിയ ‘ഇംപ്രൂവിങ് ഡിമെൻഷ്യ കെയർ പ്രോഗ്രാമിൽ’ (IDCP) ടൊറന്റോയിലെ ദി ഒനീൽ സെന്റർ, ഇസബെൽ ആൻഡ് ആർതർ മെയിഗൻ മാനർ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളും ഭാഗമാകും.

ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ലോംഗ് ടേം കെയർ മന്ത്രി നതാലിയ കുസെൻഡോവ-ബാഷ്തയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പുതിയ പദ്ധതികൾ ഡിമെൻഷ്യ ബാധിതർക്ക് മികച്ച പിന്തുണ നൽകുന്നതിനൊപ്പം ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. വികാരങ്ങൾക്കും ബന്ധങ്ങൾക്കും മുൻഗണന നൽകുന്ന പരിചരണ രീതി കൂടുതൽ ആഴത്തിലാക്കാൻ ഈ നിക്ഷേപം സഹായിക്കുമെന്ന് മെയിഗൻ ഹെൽത്ത് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മോണിക്ക ക്ലൈൻ-നൂരി അഭിപ്രായപ്പെട്ടു. 2028-ഓടെ ഏകദേശം 50 കേന്ദ്രങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ ബിഹേവിയറൽ സ്പെഷ്യലൈസ്ഡ് യൂണിറ്റുകൾ (BSU) സ്ഥാപിക്കുന്നതിനായി ഈ വർഷം തന്നെ 33.5 ലക്ഷം ഡോളറും തുടർന്ന് ഓരോ വർഷവും 98.2 ലക്ഷം ഡോളർ വീതവും നിക്ഷേപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച് ദീർഘകാല പരിചരണ കേന്ദ്രങ്ങളിലായി 153 ബി.എസ്.യു കിടക്കകളാണ് ഇതിലൂടെ സജ്ജമാക്കുന്നത്. ഓരോ വ്യക്തിയുടെയും ശാരീരികവും വൈകാരികവും സാംസ്കാരികവുമായ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രത്യേക ചികിത്സാ രീതികളാണ് ഇത്തരം യൂണിറ്റുകളിൽ വിദഗ്ധരായ ജീവനക്കാർ നൽകുന്നത്. നിലവിൽ ദീർഘകാല പരിചരണ കേന്ദ്രങ്ങളിലെ 60 ശതമാനത്തിലധികം താമസക്കാർ ഡിമെൻഷ്യ ബാധിതരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!