കണ്ണൂർ : കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരുക്കേറ്റു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് പ്രതിഷേധത്തിനിടെ കഴുത്തിനു പരുക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. ഇതിനു ശേഷമാണ് കഴുത്തിനും കൈക്കും മർദനമേറ്റതായും സാരമായി വേദനയുണ്ടെന്നും മന്ത്രി പറഞ്ഞത്. തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വന്ദേ ഭാരത് ട്രെയിനിൽ പോകാനാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ എത്തിയത്. ഇതേ ട്രെയിനിൽ പോകാൻ സ്പീക്കർ എ എൻ ഷംസീറും എത്തിയിരുന്നു. സ്പീക്കർ ആദ്യം പ്ലാറ്റ്ഫോമിൽ എത്തിയിരുന്നു. മന്ത്രി എത്തിയപ്പോഴാണ് പ്രവർത്തകർ പാഞ്ഞടുത്തത്. സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സംഭവത്തിനു ശേഷം സ്പീക്കർ പറഞ്ഞു. പ്രതിഷേധിക്കാം പക്ഷേ കയ്യേറ്റം ചെയ്യാൻ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് പോകുമ്പോഴാണ് പെരിങ്ങോം അങ്ങാടിയിൽ വച്ച് കരിങ്കൊടി കാണിച്ചത്. ഷജീറിനെ മർദിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിയെ തടഞ്ഞു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കിയ ശേഷമാണ് മന്ത്രിക്ക് കടന്നുപോകാനായത്. പിന്നാലെ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

കണ്ണൂരിൽ പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോഗ്യ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇരിക്കൂർ, തലശ്ശേരി, ചാലോട്, ആയിപ്പുഴ എന്നിവിടങ്ങളിലാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രി കല്യാട് പ്രതികരിച്ചത്. ആരോഗ്യ രംഗത്ത് വന്ന മാറ്റത്തിലാണ് കരിങ്കൊടിയെങ്കിൽ അത് പൂമാലയായി സ്വീകരിക്കുന്നുവെന്നും കല്ലിട്ടു പോകുകയല്ലല്ലോ ചെയ്യുന്നതെന്നും വീണാ ജോർജ് പറഞ്ഞു.
