ഷാർലെറ്റ്ടൗൺ : മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന മേയർമാർക്കും കൗൺസിലർമാർക്കും പ്രത്യേക പരിശീലനം നൽകാൻ പദ്ധതിയിട്ട് പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പിഇഐ). പ്രവിശ്യ സർക്കാരും ഫെഡറേഷൻ ഓഫ് പിഇഐ മുൻസിപ്പാലിറ്റീസും സംയുക്തമായാണ് പരിശീലനം നൽകുക. നവംബർ അവസാനത്തോടെ ഷാർലെറ്റ്ടൗണിൽ വെച്ച് നടക്കുന്ന ഏകദിന പരിപാടിയിലൂടെ നഗരഭരണത്തിലെ ഉത്തരവാദിത്തങ്ങൾ, അധികാരപരിധികൾ, ഭരണപരമായ നിയമങ്ങൾ എന്നിവയിൽ ജനപ്രതിനിധികൾക്ക് വിദഗ്ധ പരിശീലനം നൽകും. സ്വന്തമായി പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ സാമ്പത്തികശേഷിയില്ലാത്ത ചെറിയ മുൻസിപ്പാലിറ്റികൾക്ക് ഈ നീക്കം വലിയ ആശ്വാസമാകുമെന്ന് ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സത്യ സെൻ ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികൾ തമ്മിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി മികച്ച തൊഴിലന്തരീക്ഷം സൃഷ്ടിക്കാൻ ഇത്തരം പരിശീലനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് സമ്മർസൈഡ് കൗൺസിലർ നിക്ക് കാമറൂൺ അഭിപ്രായപ്പെട്ടു. മുൻസിപ്പൽ ഗവൺമെന്റ് ആക്റ്റിനെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നത് കൗൺസിലർമാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കും. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി 2027-ന്റെ തുടക്കത്തിൽ വിവിധ ഇടങ്ങളിൽ ഹ്രസ്വകാല സെഷനുകൾ സംഘടിപ്പിക്കുമെന്നും ഭരണനിർവ്വഹണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹാൻഡ്ബുക്ക് പുതുക്കി പ്രസിദ്ധീകരിക്കുമെന്നും സർക്കാർ അറിയിച്ചു.
