വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് ബിൽ ഗേറ്റ്‌സ് തന്റെ ഫൗണ്ടേഷൻ ജീവനക്കാരോട് പരസ്യമായി മാപ്പപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റീനുമായി കൂടിക്കാഴ്ചകൾ നടത്തിയത് വലിയ തെറ്റാണെന്നും അത് തന്റെ ജീവനക്കാരെ കൂടി ഈ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ ഖേദിക്കുന്നുവെന്നും ഒരു ഇന്റേണൽ മീറ്റിങിൽ ഗേറ്റ്‌സ് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് എപ്‌സ്റ്റീനെ കണ്ടതെങ്കിലും, ആ തീരുമാനം തന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണെന്ന് അദ്ദേഹം സമ്മതിച്ചു.
വിവാദമായ ഈ ബന്ധത്തിന് പുറമെ, രണ്ട് റഷ്യൻ യുവതികളുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഗേറ്റ്‌സ് വെളിപ്പെടുത്തിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ബന്ധങ്ങളിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും എപ്‌സ്റ്റീന്റെ ഇരകളായ പെൺകുട്ടികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എപ്‌സ്റ്റീന്റെ സഹായികളായ സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് എപ്‌സ്റ്റീന്റെ ആവശ്യപ്രകാരം എടുത്ത വെറും ഫോട്ടോകൾ മാത്രമാണെന്നായിരുന്നു ഗേറ്റ്‌സിന്റെ വിശദീകരണം.

വിവാദങ്ങൾക്കിടെ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന എഐ (AI) ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്‌സ് പിന്മാറിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ഗേറ്റ്‌സ് ഫൗണ്ടേഷൻ, എപ്‌സ്റ്റീന് യാതൊരുവിധ സാമ്പത്തിക കൈമാറ്റങ്ങളും നടത്തിയിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു. തന്റെ മുൻകാല പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഫൗണ്ടേഷൻ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
