ഓട്ടവ: അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധത്തെത്തുടർന്ന് കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് 80 ലക്ഷം ഡോളറിന്റെ ഭക്ഷ്യസഹായവുമായി കാനഡ. വിദേശകാര്യ മന്ത്രി അനിത ആനന്ദും രാജ്യാന്തര വികസന സെക്രട്ടറിയും എംപിയുമായ രൺദീപ് സാരായുമാണ് ബുധനാഴ്ച ഈ ധനസഹായം പ്രഖ്യാപിച്ചത്. ക്യൂബയിലെ ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഈ തുക ക്യൂബൻ സർക്കാരിന് നേരിട്ട് കൈമാറുന്നതിന് പകരം ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾ വഴിയായിരിക്കും വിതരണം ചെയ്യുകയെന്നും കാനഡ വ്യക്തമാക്കി.

ജനുവരിയിൽ വെനസ്വേലയുടെ എണ്ണശേഖരത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തതോടെയാണ് ക്യൂബയുടെ പ്രധാന ഇന്ധന സ്രോതസ്സ് ഇല്ലാതായത്. കൂടാതെ ക്യൂബയിലേക്ക് ഇന്ധനം അയക്കുന്ന രാജ്യങ്ങൾക്കെതിരെ താരിഫുകൾ ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സാമ്പത്തിക സമ്മർദ്ദത്തിലൂടെ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ സാധിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും, ക്യൂബൻ സർക്കാർ ഇപ്പോഴും സുസ്ഥിരമാണെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ പാർലമെന്ററി സമിതിയെ അറിയിച്ചു. ഉപരോധം മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ലഘൂകരിക്കാനാണ് കാനഡയുടെ ഈ ഇടപെടൽ.
