മൺട്രിയോൾ: മൺട്രിയോൾ മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലും യാത്രക്കാരുടെ സുരക്ഷ വലിയ വെല്ലുവിളിയായി മാറിയതായി പുതിയ റിപ്പോർട്ടുകൾ. 2025-ൽ മെട്രോ ശൃംഖലയ്ക്കുള്ളിൽ നടന്ന ശാരീരിക ആക്രമണങ്ങളുടെ എണ്ണം സർവ്വകാല റെക്കോർഡിൽ എത്തിയതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. മൺട്രിയോൾ പൊലീസിന്റെ (SPVM) കണക്കനുസരിച്ച്, 2025-ൽ 726 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2024-ൽ 631-ഉം 2023-ൽ 652-ഉം ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. മൊത്തത്തിലുള്ള അക്രമ സംഭവങ്ങളിലും വർധനവുണ്ടായിട്ടുണ്ട്.

മറ്റ് കുറ്റകൃത്യങ്ങളിൽ നേരിയ കുറവുണ്ടായപ്പോഴും ശാരീരിക ആക്രമണങ്ങൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. മെട്രോയിലെ കവർച്ചാ കേസുകൾ മുൻവർഷത്തെ 122-ൽ നിന്ന് 85 ആയും ലൈംഗിക അതിക്രമങ്ങൾ 58-ൽ നിന്ന് 47 ആയും കുറഞ്ഞിട്ടുണ്ട്. എന്നാൽ 2025-ൽ ഒരു വധശ്രമ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇത്തരം അക്രമങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനെത്തുടർന്ന് മെട്രോ ശൃംഖലയിൽ പൊലീസ് പരിശോധനകൾ ഇരട്ടിയാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2025 ജൂണിൽ മെട്രോ സ്റ്റേഷനുകളിൽ അനാവശ്യമായി തങ്ങുന്നത് എസ്.ടി.എം സ്ഥിരമായി നിരോധിച്ചു. ആറാഴ്ചത്തെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയകരമായതിനെത്തുടർന്നാണ് ഈ തീരുമാനം. സ്റ്റേഷനുകളിൽ അനാവശ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കിയത് കുറ്റകൃത്യങ്ങൾ കുറയ്ക്കാനും യാത്രക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിച്ചതായി ട്രാൻസിറ്റ് ഏജൻസി അറിയിച്ചു.
