തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും ഒന്നിക്കുന്ന പ്രത്യേക അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ ഇന്ന് വൈകിട്ട് പ്രേക്ഷകരിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്തു ചിത്രീകരിച്ച ഈ അഭിമുഖം പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിനപ്പുറം അദ്ദേഹത്തിന്റെ വ്യക്തിജീവിതവും സിനിമാ താൽപ്പര്യങ്ങളും ചർച്ച ചെയ്യുന്ന അഭിമുഖം ഇന്ന് വൈകിട്ട് വിവിധ ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും സംപ്രേഷണം ചെയ്യും.
അഭിമുഖത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിക്കഴിഞ്ഞു. തനിക്ക് ആക്ഷൻ സിനിമകളോടാണ് താൽപ്പര്യമെന്നും രജനീകാന്ത് ചിത്രങ്ങൾ ഇഷ്ടമാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തുന്നത് ടീസറിൽ കാണാം. സിനിമയിലെ രംഗങ്ങൾ ജീവിതത്തിൽ പകർത്താറുണ്ടോ എന്ന ലാലിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. രാഷ്ട്രീയ ജീവിതത്തിനിടയിൽ മർദനമേറ്റ അനുഭവങ്ങളെക്കുറിച്ചും പശ്ചാത്താപത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്. മോഹൻലാലിന്റെ ദാസൻ, ദിനേശൻ എന്നീ കഥാപാത്രങ്ങളെ മുഖ്യമന്ത്രി ഓർത്തെടുക്കുന്നത് ലാലിനെ പൊട്ടിച്ചിരിപ്പിക്കുന്ന ദൃശ്യങ്ങളും ടീസറിലുണ്ട്.

അതേസമയം, ഈ അഭിമുഖത്തെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വാഗ്വാദങ്ങൾ നടക്കുന്നുണ്ട്. ഇതൊരു ‘പിആർ സ്റ്റണ്ട്’ ആണെന്ന് പ്രതിപക്ഷം പരിഹസിക്കുമ്പോൾ, ഇരുവരും തമ്മിലുള്ള ദീർഘകാലത്തെ വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്ന് സിപിഎം വ്യക്തമാക്കുന്നു. മുൻപ് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മോഹൻലാലുമായി നടത്തിയ സമാനമായ അഭിമുഖം ജയ്ഹിന്ദ് ടി.വി ഇന്നലെ പുനഃസംപ്രേഷണം ചെയ്തതും ഇതിനിടെ ശ്രദ്ധേയമായി. ‘എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം’ എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കയ്യടിക്കുന്നതോടെയാണ് ആകാംക്ഷയുണർത്തുന്ന ടീസർ അവസാനിക്കുന്നത്.
