ടൊറന്റോ: കാനഡയിലെ മലയാളി സമൂഹത്തിനിടയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തരംഗമായിക്കൊണ്ടിരിക്കുന്ന ‘സുന്ദരി’ ഇനി ടൊറന്റോ നിവാസികൾക്കും ആസ്വദിക്കാം. കനേഡിയൻ മലയാളിയുടെ ഉടമസ്ഥതയിലുള്ള ‘മന്ദാകിനി’ ബ്രാൻഡ് പുറത്തിറക്കിയ നാടൻ പനങ്കള്ളായ ‘സുന്ദരി’ ഈ വെള്ളിയാഴ്ച മുതൽ ടൊറന്റോയിലെ പ്രമുഖ ഭക്ഷണശാലയായ ‘കേരള കറി ഹൗസിൽ’ ലഭ്യമാകും. പ്രവാസലോകത്ത് നാട്ടിലെ കള്ളിന്റെ തനത് രുചിയും നൊസ്റ്റാൾജിയയും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ നൂതന സംരംഭം ഒരുക്കിയിരിക്കുന്നത്.
നാട്ടിലെ ഷാപ്പ് അന്തരീക്ഷം അതേപടി അനുഭവവേദ്യമാക്കുന്നതിനായി മൺ ഗ്ലാസുകളിലാണ് ഇവിടെ കള്ള് വിളമ്പുന്നത്. വിദേശമണ്ണിലിരുന്ന് പനങ്കള്ളിന്റെ തനിമ ചോരാതെ ആസ്വദിക്കാമെന്നതാണ് സുന്ദരിയെ പ്രവാസികൾക്കിടയിൽ പ്രിയങ്കരിയാക്കുന്നത്. കാനഡയിലെ മലയാളി കമ്മ്യൂണിറ്റിയിൽ ഇതിനോടകം തന്നെ വലിയ വാർത്താപ്രാധാന്യമാണ് ഈ നാടൻ പാനീയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കള്ളിന് പുറമെ പ്രശസ്തമായ ഇന്ത്യൻ മദ്യ ബ്രാൻഡുകളുടെ വിപുലമായ ശേഖരവും കേരള കറി ഹൗസിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള അമൃത് വിസ്കി, റാംപൂർ വിസ്കി, ഹെർക്കുലീസ് റം, ഓൾഡ് മങ്ക്, ബ്ലാക്ക് ഡോഗ്, റോയൽ ചലഞ്ച്, സിഗ്നേച്ചർ, എം.സി ബ്രാൻഡി, സെലിബ്രേഷൻ റം, കിങ് ഫിഷർ ബിയർ എന്നിവയ്‌ക്കൊപ്പം ഗോവൻ സ്പെഷ്യലായ കോക്കനട്ട് ഫെനിയും കശുമാവ് ഫെനിയും ഇവിടെ ലഭ്യമാണ്. ഇതോടെ ടൊറന്റോയിലെ മലയാളികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട നാടൻ രുചികൾ ഒരിടത്ത് തന്നെ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
