കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ തുടർച്ചയായ കുതിപ്പിന് ശേഷം ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. അഞ്ച് ദിവസത്തിനിടെ പവന് 3000 രൂപയിലധികം വർധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. വിലയിൽ നേരിയ കുറവുണ്ടായെങ്കിലും സ്വർണവില ഇപ്പോഴും 1,18,000 എന്ന ഉയർന്ന നിരക്കിൽ തന്നെയാണ് തുടരുന്നത്.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1120 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും ഈ ഉയർന്ന നിലവാരത്തിലേക്ക് എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്നു പവൻ വില. ഫെബ്രുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ്.

കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണവില കേരളത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നത്. അതിനുശേഷം വലിയ രീതിയിലുള്ള ചാഞ്ചാട്ടമാണ് വിപണിയിൽ ദൃശ്യമാകുന്നത്. നിലവിൽ ആഗോള വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
