ന്യൂഡൽഹി: ഇറാന്റെ ചബഹാർ തുറമുഖ പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ ഇന്ത്യ ഫണ്ട് അനുവദിക്കാത്തതിൽ കടുത്ത നിരാശ രേഖപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇന്ത്യയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന ‘സുവർണ്ണ കവാടം’ എന്നാണ് അദ്ദേഹം ഈ തുറമുഖത്തെ വിശേഷിപ്പിച്ചത്. സംയുക്തമായി വികസിപ്പിക്കുന്ന ഈ പദ്ധതിയിൽ ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ഇരുരാജ്യങ്ങൾക്കും ഒരുപോലെ തിരിച്ചടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ടുള്ള വ്യാപാ പാത ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ചാബഹാർ പദ്ധതിയിൽ പങ്കാളിയായത്. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തുള്ള ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനും ഈ പദ്ധതി ഇന്ത്യയ്ക്ക് അനിവാര്യമാണ്. എന്നാൽ 2024 ൽ പദ്ധതി വികസിപ്പിക്കാനുള്ള കരാർ ഒപ്പിട്ട ശേഷം ഇതാദ്യമായാണ് കേന്ദ്ര ബജറ്റിൽ തുക അനുവദിക്കാത്തത്. കഴിഞ്ഞ വർഷം 100 കോടി രൂപ ഈ പദ്ധതിക്കായി ഇന്ത്യ നീക്കിവച്ചിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചബഹാർ പദ്ധതിയിലെ ഇന്ത്യയുടെ പങ്കാളിത്തത്തിന് അമേരിക്ക നൽകിയിരുന്ന ഇളവ് ഏപ്രിൽ 26 ന് അവസാനിക്കാനിരിക്കുകയാണ്. വിഷയത്തിൽ ഇന്ത്യ അമേരിക്കയുമായി സജീവ ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധ ഭീഷണികൾക്കിടയിൽ പദ്ധതിയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇറാൻ.
