ടെൽ അവീവ്: ഇസ്രയേൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമ്പരപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇരുവരും തമ്മിലുള്ള അത്താഴ വിരുന്നിന് പരമ്പരാഗത ഇന്ത്യൻ വേഷം ധരിച്ചാണ് നെതന്യാഹു എത്തിയത്. “എന്റെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകിയതാണ്” എന്ന് നെതന്യാഹു എക്സിൽ ഹിന്ദിയിൽ കുറിച്ചു. ഇതിന് “ബഹുത് ഹി ഷാൻദാർ” (വളരെ ഗംഭീരം) എന്ന് മറുപടി നൽകിയ പ്രധാനമന്ത്രി മോദി, ഇന്ത്യൻ സംസ്കാരത്തോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തെ പ്രശംസിച്ചു.
ഇരു നേതാക്കളും തമ്മിലുള്ള ഈ ആത്മബന്ധം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശക്തമായ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. നയതന്ത്ര, പ്രതിരോധ ബന്ധങ്ങൾക്കപ്പുറം ഇരു നേതാക്കളും പങ്കിടുന്ന വ്യക്തിപരമായ സൗഹൃദമാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്. മിഡിൽ ഈസ്റ്റിൽ സംഘർഷഭരിതമായ സാഹചര്യങ്ങൾ നിലനിൽക്കെ, പ്രതിരോധ-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഇസ്രയേലിലെത്തിയത്. സന്ദർശനത്തിന്റെ ആദ്യ ദിവസം അദ്ദേഹം ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ പ്രസംഗിച്ചു.

സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് യാദ് വസീം ഹോളോകോസ്റ്റ് മെമ്മോറിയൽ പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ഐസക് ഹെർസോഗുമായും ബെഞ്ചമിൻ നെതന്യാഹുമായും അദ്ദേഹം നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വേഷത്തിലുള്ള നെതന്യാഹുവിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
