ന്യൂഡൽഹി: വാർത്താമാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരുമാനം പങ്കിടണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. സ്വമേധയാ തയ്യാറായില്ലെങ്കിൽ ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലെ മാതൃകയിൽ ഇന്ത്യയിലും നിയമനിർമ്മാണം നടത്തുമെന്ന കർശന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. ഡിഎൻപിഎ കോൺക്ലേവിൽ സംസാരിക്കവെ, ഒറിജിനൽ ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് അർഹമായ പ്രതിഫലം നൽകേണ്ടത് സമൂഹത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വാർത്തകളിലൂടെ പ്ലാറ്റ്‌ഫോമുകൾ വൻ ലാഭം കൊയ്യുമ്പോഴും സൃഷ്ടാക്കൾക്ക് വിഹിതം ലഭിക്കുന്നില്ലെന്നത് ഐഎൻഎസ് പോലുള്ള സംഘടനകളുടെ ദീർഘകാല പരാതിയാണ്. ഗൂഗിൾ അടക്കമുള്ള കമ്പനികൾ പരോക്ഷമായി നിയമത്തെ എതിർത്താലും ഇന്ത്യ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് മന്ത്രി നൽകുന്നത്.

വരുമാനം പങ്കിടുന്നതിനൊപ്പം ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം കൂടി പ്ലാറ്റ്‌ഫോമുകൾ ഏറ്റെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇനി വാദിക്കാനാവില്ല. ഹോട്ടൽ ഉടമകൾക്ക് താമസക്കാരുടെ കാര്യത്തിലുള്ള ഉത്തരവാദിത്തത്തിന് തുല്യമായ ജാഗ്രത ഡിജിറ്റൽ ഇടങ്ങളിലും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
