Friday, February 27, 2026

`പഞ്ചി’നായി പ്രത്യേക ഫീച്ചറുമായി ഗൂഗിള്‍; സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് വിസ്മയമൊരുക്കി ടെക് കമ്പനി

ലോകത്തിന്റെ ഹൃദയം കീഴടക്കിയ ‘പഞ്ച്’ എന്ന ജാപ്പനീസ് കുരങ്ങന്‍ കുഞ്ഞിന് ആദരവുമായി ഗൂഗിള്‍. ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ ‘Punch the monkey’ എന്ന് തിരയുന്നവര്‍ക്കായി പ്രത്യേക ‘ഈസ്റ്റര്‍ എഗ്ഗ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വാചകം സെര്‍ച്ച് ചെയ്യുമ്പോള്‍ മൊബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ മനോഹരമായ പിങ്ക് ഹൃദയങ്ങളും കുരങ്ങന്‍ കുഞ്ഞിന്റെ ആനിമേഷനും വര്‍ഷിക്കുന്ന രീതിയിലാണ് ഗൂഗിള്‍ ഇത് ക്രമീകരിച്ചിരിക്കുന്നത്. പഞ്ചിനെക്കുറിച്ചുള്ള തിരച്ചിലുകള്‍ ഇന്റര്‍നെറ്റില്‍ റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഗൂഗിള്‍ ഈ ആഗോള ആദരം നല്‍കിയത്.

കഴിഞ്ഞ ജൂലൈയില്‍ ജപ്പാനിലെ ഇച്ചികാവ സിറ്റി മൃഗശാലയില്‍ ജനിച്ച പഞ്ച് എന്ന ജാപ്പനീസ് മക്കാക്ക് (Japanese Macaque) ജനിച്ചയുടനെ അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു. സാധാരണയായി കുരങ്ങന്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ നെഞ്ചോട് ഒട്ടിപ്പിടിച്ചാണ് വളരുന്നത്. എന്നാല്‍ അമ്മയുടെ സ്‌നേഹം ലഭിക്കാതെ ഒറ്റപ്പെട്ട പഞ്ചിന് കൂട്ടിനായി മൃഗശാലാ ജീവനക്കാര്‍ ഒരു ഒറാങ്ങ് ഉട്ടാന്‍ പാവയെ നല്‍കുകയായിരുന്നു. ഐക്കിയയില്‍ (IKEA) നിന്നുള്ള ഈ ഓറഞ്ച് പാവയെ അമ്മയെപ്പോലെ ചേര്‍ത്തുപിടിക്കുകയും എല്ലായിടത്തും വലിച്ചിഴച്ചു കൊണ്ടുനടക്കുകയും ചെയ്യുന്ന പഞ്ചിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. പഞ്ചിനോടുള്ള സ്‌നേഹസൂചകമായി ഐക്കിയ ജപ്പാന്‍ മൃഗശാലയിലേക്ക് നിരവധി പാവകള്‍ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു.

പഞ്ചിന്റെ ഓരോ വിശേഷങ്ങളും മൃഗശാലാ അധികൃതര്‍ എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കുന്നുണ്ട്. നിലവില്‍ പഞ്ച് മറ്റു കുരങ്ങുകളുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ പറയുന്നു. ഇടയ്ക്ക് മറ്റു കുരങ്ങുകളില്‍ നിന്ന് അവഗണന നേരിടുമ്പോള്‍ പഞ്ച് ഓടിച്ചെന്ന് തന്റെ പാവയെ കെട്ടിപ്പിടിക്കുന്നത് ആരാധകരെ ഏറെ സങ്കടത്തിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ച് മറ്റു കുരങ്ങുകളുമായി സൗഹൃദത്തിലായി തുടങ്ങിയെന്നും ഒരു മുതിര്‍ന്ന കുരങ്ങന്‍ പഞ്ചിനെ ചേര്‍ത്തുപിടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചിനെ ഒരു നോക്ക് കാണാന്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വരെ സന്ദര്‍ശകര്‍ ഇപ്പോള്‍ ഇച്ചികാവ മൃഗശാലയിലേക്ക് എത്തുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!