എഡ്മിന്റൻ: ആൽബർട്ടയിൽ ഹോക്കി ബാഗിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞുപെൺകുട്ടിയുടെ കൊലപാതക കേസിലെ വിചാരണ നടപടികൾ തുടങ്ങി. എട്ടു വയസ്സുകാരിയായ നിന നപ്പോപ്പ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച എഡ്മിന്റൻ കോടതിയിൽ നടന്ന വാദത്തിനിടെ, പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ വികാരാധീനമായ മൊഴികൾ കണ്ടുനിന്നവരുടെ കണ്ണുനിറയിച്ചു. 2023-ലാണ് നിനയുടെ മൃതദേഹം മാസ്‌ക്വാസിസിലെ ഒരു ട്രക്കിന്റെ പിൻഭാഗത്ത് ഹോക്കി ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആഷ്ലി റാറ്റിൽസ്‌നേക്ക് എന്ന യുവതിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. എന്നാൽ കുട്ടി നിരന്തരമായ ശാരീരിക പീഡനത്തിനും അവഗണനയ്ക്കും ഇരയായിരുന്നു എന്ന് പിന്നീട് കോടതിയിൽ തെളിഞ്ഞു. കുട്ടിയുടെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി പരുക്കുകളുണ്ടായിരുന്നു. പലയിടത്തും അസ്ഥികൾ ഒടിഞ്ഞ നിലയിലായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെങ്കിലും അത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായിരുന്നില്ല. കൃത്യമായ ചികിത്സ നൽകാത്തതിനെ തുടർന്ന് പല്ലിലെ അണുബാധ രക്തത്തിൽ പടർന്നതും കുട്ടിയുടെ നില ഗുരുതരമാക്കി.

കൊലപാതകം നടന്ന രാത്രിയിൽ പ്രതി മദ്യവും മെത്താംഫെറ്റാമൈനും ഉപയോഗിച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ സൂര്യന്റെ ചൂട് നമുക്ക് അനുഭവപ്പെടുന്നത് പോലെയാണ് നിനയുടെ സ്‌നേഹമെന്നാണ് പിതാവ് കോടതിയിൽ മൊഴി നൽകിയത്. തന്റെ ആദ്യത്തെ കൊച്ചുമകളുടെ വളർച്ചയുടെ ഓരോ ഘട്ടവും കണ്ട തനിക്ക് ഈ നഷ്ടം താങ്ങാനാവുന്നില്ലെന്ന് മുത്തശ്ശി സ്റ്റാർ ഡുമൈസ് പറഞ്ഞു. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കുട്ടിയുടെ പേരും ചിത്രവും പുറത്തുവിട്ടത്. പ്രതിയായ ആഷ്ലി റാറ്റിൽ സ്‌നേക്കിന് ഒൻപത് വർഷം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗം അഭിഭാഷകൻ ഏഴു വർഷത്തെ ശിക്ഷ നൽകിയാൽ മതിയെന്നാണ് ആവശ്യമുയർത്തിയത്. കേസിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇത് വലിയ വിവാദങ്ങൾക്കും പൊലീസ് മേധാവിയുടെ പരസ്യമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഈ വെള്ളിയാഴ്ച കോടതി ശിക്ഷാ വിധി പ്രസ്താവിക്കും.
