കൊച്ചി∙ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ദ് കേരള സ്റ്റോറി 2 സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് വിധി. നിർമാതാക്കളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷൻ പെറ്റീഷനുമേൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് 15 ദിവസത്തെ സ്റ്റേ അനുവദിച്ചത്.

ചിത്രം പ്രഥമദൃഷ്ട്യാ സാമൂഹികാന്തരീക്ഷം മോശമാക്കാൻ സാധ്യതയുള്ളതും സെൻസർ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ സെൻസർ ബോർഡ് മാർഗനിർദേശങ്ങൾ മനസിരുത്തി പരിഗണിച്ചില്ല എന്നു പ്രഥമദൃഷ്ട്യാ കാണുന്നതുകൊണ്ടുമാണ് ഇതെന്ന് സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
