Friday, February 27, 2026

“കാനഡ എന്ത് നൽകിയാലും വാങ്ങാൻ ഇന്ത്യ തയ്യാർ”:ഇന്ത്യൻ ഹൈക്കമ്മീഷണർ; മോദി – കാർണി കൂടിക്കാഴ്ചയിൽ വൻപ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: കാനഡയുമായുള്ള വ്യാപാര ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി സിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ഊർജ്ജ മേഖലയിൽ കാനഡ വാഗ്ദാനം ചെയ്യുന്ന എന്തിനും ഇന്ത്യയിൽ ആവശ്യക്കാരുണ്ട്. ക്രൂഡ് ഓയിൽ, എൽ.പി.ജി, എൽ.എൻ.ജി എന്നിവയെല്ലാം വാങ്ങാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആണവോർജ്ജ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാനഡയുടെ യുറേനിയം അത്യാവശ്യമാണെന്നിരിക്കെ 2047-ഓടെ ആണവോർജ്ജ ഉൽപ്പാദനം 100 ജിഗാവാട്ടായി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏകദേശം 10 വർഷത്തേക്ക് നീണ്ടുനിൽക്കുന്ന 300 കോടി ഡോളറിൻ്റെ യുറേനിയം വിതരണ കരാർ ഈ സന്ദർശനത്തിൽ ഒപ്പിട്ടേക്കും. കാനഡയിലെ യുറേനിയം ഖനികളിൽ ഓഹരി പങ്കാളിത്തം വഹിക്കാനും ഇന്ത്യയ്ക്ക് താത്‌പര്യമുണ്ട്‌. യു.എസ്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കും കാനഡയ്ക്കും മേൽ ഏർപ്പെടുത്തിയ വ്യാപാര നികുതികളും നിയന്ത്രണങ്ങളുമാണ് ഇരുരാജ്യങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുന്നത്.

നിലവിൽ കാനഡയുടെ എണ്ണയുടെ 93 ശതമാനവും യു.എസിലേക്കാണ്‌ കയറ്റി അയക്കുന്നത്‌. ഇത് മാറ്റി ഏഷ്യൻ വിപണിയിലേക്ക് നേരിട്ട് എണ്ണ എത്തിക്കാൻ കാനഡ നടത്തുന്ന ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തു. യുറേനിയം ഉത്‌പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയുടെ പ്രീമിയർ സ്കോട്ട് മോ മാർക്ക്‌ കാർണിയുടെ യാത്രാസംഘത്തിലുണ്ട്‌. വർഷങ്ങളോളം നീണ്ടുനിന്ന നയതന്ത്ര തർക്കങ്ങൾക്ക് ശേഷം സാമ്പത്തിക താത്‌പര്യങ്ങൾ മുൻനിർത്തി ഇന്ത്യയും കാനഡയും പുതിയൊരു സൗഹൃദ അധ്യായം കുറിക്കുമ്പോൾ ഊർജ്ജ സുരക്ഷ, കൃഷി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് മാർക്ക്‌ കാർണിയുടെ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!